പത്തനംതിട്ടയ്ക്ക് ഹാപ്പി ഓണം, ഹാപ്പിനസ് പാർക്ക് ഉദ്ഘാടനം ഇന്ന്

Wednesday 03 September 2025 12:27 AM IST

പത്തനംതിട്ട : നഗരസഭയുടെ ഓണസമ്മാനമായി ഹാപ്പിനസ് പാർക്ക് ഇന്ന് നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ നാടിന് സമർപ്പിക്കും. മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ തെക്ക് ഭാഗത്തെ പ്രവേശന കവാടത്തോട് ചേർന്നാണ് പാർക്കും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. വിശ്രമത്തിനും വിനോദത്തിനും ഒപ്പം ആസ്വാദ്യകരമായ നൈറ്റ് ലൈഫിനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ വിഭാവനം ചെയ്ത സാമൂഹ്യ ഇടങ്ങളിൽ ഒന്ന് കൂടി പൂർത്തിയാവുകയാണ്. മുൻപ് പൂർത്തിയായ ടൗൺ സ്‌ക്വയർ നഗരത്തിന്റെ പുതിയ മുഖമായി മാറി.

ഇന്ന് വൈകിട്ട് 4 ന് പത്തനംതിട്ട ടൗൺ സ്ക്വയറിൽ ഉദ്ഘാടന സമ്മേളനം നടക്കും. നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്ന പാർക്കിൽ കുട്ടികൾക്കായി വിവിധ കളി ഉപകരണങ്ങളും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ടേക്ക് എ ബ്രേക്ക്, കഫ്റ്റീരിയ എന്നീ അനുബന്ധസൗകര്യങ്ങളും നഗരസഭ ഇതോടൊപ്പം ഉറപ്പാക്കിയിട്ടുണ്ട്. നടപ്പാതയിൽ പൂച്ചെടികൾ പിടിപ്പിച്ചും മനോഹരമാക്കിയിട്ടുണ്ട്. ബസ് സ്റ്റാൻഡിനോട് ചേർന്ന് നഗരസഭ ഏറ്റെടുത്ത ട്രാവലേഴ്‌സ് ലോഞ്ചിൽ കുടുംബശ്രീയുടെ പ്രീമിയം കഫെ ഉടൻ പ്രവർത്തനം ആരംഭിക്കും

നഗരസഭാ ബസ് സ്റ്റാൻഡിൽ സ്‌പെഷ്യൽ അസിസ്റ്റൻസ് പദ്ധതി പ്രകാരം ആരംഭിച്ച അഞ്ച് കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.

വിശ്രമത്തിനും വിനോദത്തിനും

ഒപ്പം നൈറ്റ് ലൈഫിനും ഇടമൊരുങ്ങുന്നു,

ടേക്ക് എ ബ്രേക്ക്, കഫ്റ്റീരിയ സൗകര്യങ്ങളും