വ്യാപകമായി വയറിളക്കവും ഛർദ്ദിയും
രോഗബാധിതരിൽ കൂടുതലും കുട്ടികൾ
കൊല്ലം: വയറിളക്കവും ഛർദ്ദിയും ബാധിച്ച് ജില്ലയിൽ പ്രതിദിനം ചികിത്സ തേടുന്നവരുടെ എണ്ണം 200 കടന്നു. രണ്ട് മുതൽ 15 വയസ് വരെയുള്ള കുട്ടികളാണ് രോഗ ബാധിതരിൽ ഏറെയും.
കഴിഞ്ഞ ജൂലായിൽ 1190 പേരാണ് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. കുടിവെള്ളം, ഭക്ഷണം എന്നിവയിൽ നിന്നാണ് രോഗവ്യാപനം. ഭക്ഷണത്തിനൊപ്പം പഴങ്ങളും വെള്ളവും ധാരാളം ഉൾപ്പെടുത്തി രോഗവ്യാപനത്തെ അതിജീവിക്കുകയാണ് ഫലപ്രദമായ മാർഗം. ക്ഷീണവും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുന്നവർ ഡോക്ടറുടെ സേവനം തേടാൻ വൈകരുത്. പരിസര ശുചിത്വം, ആഹാര ശുചിത്വം, ജലശുചിത്വം എന്നിവയിൽ വിട്ടു വീഴ്ചയും പാടില്ലെന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു.
ലക്ഷണങ്ങൾ
ക്ഷീണം, പനി, ശരീരവേദന, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദ്ദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുന്നു, കടും മഞ്ഞ നിറമാകുന്നു
...................................
വെള്ളം അഞ്ചു മിനിട്ടെങ്കിലും തിളപ്പിച്ച ശേഷം മാത്രം കുടിക്കണം
കഫീൻ അടങ്ങിയ പാനീയങ്ങളും മദ്യവും പരിമിതപ്പെടുത്തുക.
കഴിയുന്നതും വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുക
പാതിവെന്ത ഇറച്ചി, മുട്ട എന്നിവ ഉപയോഗിച്ചുള്ള ഭക്ഷ്യ വസ്തുക്കൾ ഒഴിവാക്കണം
പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കാൻ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുക
റഫ്രിജറേറ്റർ ഇടയ്ക്കിടെ വൃത്തിയാക്കണം
റഫ്രിജറേറ്ററിൽ കൃത്യമായ താപനില ഉറപ്പാക്കണം
കുടിവെള്ള സ്രോതസുകൾ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം
ഈച്ചശല്യം ഒഴിവാക്കണം
നിലവിൽ ഒരു പ്രത്യേക സ്ഥലം കേന്ദ്രീകരിച്ച് അപകടകരമായ നിലയിൽ രോഗവ്യാപനം ഇല്ല എന്നാൽ നിലവിൽ സ്വകാര്യ ആശുപത്രികളിലും ചികിത്സയ്ക്ക് എത്തുന്നവരുടെ വിവരങ്ങൾ ലഭിക്കുന്നത് കൊണ്ട് റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ട്. - ആരോഗ്യവകുപ്പ് അധികൃതർ