യു.ഡി.എഫ് പങ്കെടുക്കുമോയെന്നത് പ്രസക്തമല്ല:വെള്ളാപ്പള്ളി

Wednesday 03 September 2025 3:13 AM IST

കട്ടപ്പന: ആഗോള അയ്യപ്പ സംഗമത്തിൽ യു.ഡി.എഫ് പങ്കെടുക്കുമോ എന്നതിൽ പ്രസക്തിയില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു,

മുസ്ലിം ലീഗും കേരളകോൺഗ്രസും ചേർന്നതല്ലേ യു.ഡി.എഫ്. കോൺഗ്രസുകാർ അഭിപ്രായം പറയട്ടെ. ശബരിമലയുടെ പ്രസക്തി ലോകം മുഴുവനെത്തിക്കാൻ ആഗോള അയ്യപ്പ സംഗമത്തിലൂടെ സർക്കാരും ദേവസ്വം ബോർഡും ശ്രമിക്കുന്നതിലെന്താണ് തെറ്റ്. അതിന് എതിര് നിൽക്കുന്നത് അയ്യപ്പ വിരോധികളാണ്. ഇടതുപക്ഷം കൊണ്ടു വരുന്നുവെന്നതിന്റെ പേരിൽ അതിനെ എതിർക്കുന്നതെന്തിനാണ്. ആരെന്ന് നോക്കാതെ ശരിയായ കാര്യമാണെങ്കിൽ സഹകരിക്കണ്ടേ.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ 1200 ക്ഷേത്രങ്ങളുണ്ട്. അതിൽ 100- 110 എണ്ണം മാത്രമാണ് സ്വയംപര്യാപ്തം. ബാക്കിയുള്ള ക്ഷേത്രങ്ങളെല്ലാം ശബരിമലയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് മുന്നോട്ടു പോകുന്നത്. ആഗോള സംഗമത്തിലൂടെ അയ്യപ്പ ഭക്തരുടെ എണ്ണം കൂടിയാൽ ശബരിമലയുടെ വരുമാനം വർദ്ധിക്കും. ആയിരത്തോളം ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും നിലനിൽപ്പിനും അത് സഹായകരമാകും.

സ്ത്രീ പ്രവേശന വിഷയം അടഞ്ഞ അദ്ധ്യായമാണെന്നാണ് എം.വി. ഗോവിന്ദൻ പറഞ്ഞതിൽ നിന്ന് മനസ്സിലാകുന്നത്. സ്ത്രീ പ്രവേശനം അനുവദിക്കരുതെന്നാണ് എസ്.എൻ.ഡി.പി യോഗത്തിന്റെ നിലപാട്.