ഗതാഗതക്കുരുക്കിന് വൺവേ പരിഹാരം: തെറ്റിച്ചാൽ പിഴ

Wednesday 03 September 2025 2:36 AM IST

ചങ്ങരംകുളം : ഗതാഗതക്കുരുക്ക് രൂക്ഷമായ ചങ്ങരംകുളം ടൗണിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി ട്രാഫിക് വിഭാഗം നടപ്പിലാക്കുന്ന വൺവേ സിസ്റ്റം നിലവിൽ വന്നു. കഴിഞ്ഞ ആഴ്ച ചേർന്ന ആലങ്കോട് പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി യോഗത്തിലെ തീരുമാനങ്ങളാണ് ഓണം വേളയിൽ നടപ്പിലാക്കുന്നത്.

ചങ്ങരംകുളം ടൗണിൽ നിന്നും നാല് റോഡുകളിലേക്കും ഇനി മുതൽ വൺവേ സമ്പ്രദായത്തിലൂടെ മാത്രമേ പ്രവേശിക്കാനും പുറത്തു കടക്കാനും കഴിയൂ. എരമംഗലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ബസ് സ്റ്റാൻഡിലൂടെ പ്രവേശിച്ച് ഹൈവേ ജംഗ്ഷനിലൂടെ പോവണം. ചെറുവല്ലൂർ, എരമംഗലം റോഡിലേക്കുള്ള വാഹനങ്ങൾ ഹൈവേയിൽ പെട്രോൾ പമ്പ് ജംഗ്ഷനിൽ നിന്നും കിഴക്കേ റോഡിലൂടെ ടൗണിലേക്ക് പ്രവേശിച്ച ശേഷം ചെറവല്ലൂർ, എരമംഗലം റോഡുകളിലേക്ക് പ്രവേശിക്കണം. തൃശ്ശൂർ കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങളും ഹൈവേ ജംഗ്ഷനിലൂടെ മാത്രമേ ടൗണിൽ നിന്നും പുറത്തു കടക്കാവൂ.

ഗതാഗത പരിഷ്‌കാരം നടപ്പിലാക്കുന്നതോടെ ടൗണിലെ എല്ലാ റോഡുകളിലൂടെയും ഒരു ദിശയിലേക്ക് മാത്രമേ വാഹനങ്ങൾക്ക് സഞ്ചരിക്കാനാവൂ.

റോഡരികിൽ അനധികൃതമായും അലക്ഷ്യമായും പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴയീടാക്കും.

ലോറികൾ നിറുത്തിയിടുന്നത് ടൗണിൽ ഗതാഗത കുരുക്കിന് കാരണമാകുന്നതിനാൽ കച്ചവട സ്ഥാപനങ്ങളിലേക്ക് ചരക്കുകളിറക്കാൻ സമയം നിശ്ചയിച്ചിട്ടുണ്ട് .ഇത് കച്ചവടക്കാരെ ബോദ്ധ്യപ്പെടുത്തി ചരക്കിറക്കത്തിനു സമയ മാറ്റം നടപ്പിലാക്കും. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി പൊലീസും പഞ്ചായത്ത് അധികൃതരും ടൗണിൽ സൂചനാ ബോർഡുകളും ബാരിക്കേഡുകളും സ്ഥാപിച്ചു