ആഗോള അയ്യപ്പസംഗമം: വിദേശത്തുനിന്നുള്ള ഭക്തസംഘമെത്തും

Wednesday 03 September 2025 2:36 AM IST

തിരുവനന്തപുരം: 20ന് പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ വിദേശരാജ്യങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരുടെ പങ്കാളിത്തം ഉറപ്പായി. മന്ത്രി വി.എൻ വാസവന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഭക്തരുടെ പങ്കാളിത്ത വിവരങ്ങൾ അവതരിപ്പിച്ചത്. സംസ്ഥാനങ്ങളിലെ പ്രധാന അയ്യപ്പക്ഷേത്രങ്ങളുടെ പ്രതിനിധികളെയും സംഗമത്തിൽ പങ്കെടുപ്പിക്കും. ഡൽഹി ലെഫ്‌റ്റനന്റ് ഗവർണർ വി.കെ.സക്‌സേന സംഗമത്തിൽ പങ്കെടുക്കും. കേന്ദ്രമന്ത്രിമാരുടെയും, മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും പങ്കാളിത്തം സംബന്ധിച്ച് അടുത്തയാഴ്ചയോടെ പൂർണചിത്രം ലഭിക്കും.

പ്രതിനിധികൾക്കായി 25 എ.സി.ലോ ഫ്‌ളോർ ബസുകളാണ് കെ.എസ്.ആർ.ടി.സി. സജ്ജീകരിക്കുക. ആവശ്യമെങ്കിൽ വാഹനങ്ങൾ ഒരുക്കും. കോട്ടയം, പത്തനംതിട്ട ജില്ലകൾക്ക് പുറമേ സമീപ സ്ഥലങ്ങളിലും താമസസൗകര്യം ഒരുക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

സബ്കമ്മിറ്റികൾ പ്രതിദിന അവലോകനം നടത്തി കാര്യങ്ങൾ നിയന്ത്രിക്കണമെന്ന് വി.എൻ.വാസവൻ പറ‌ഞ്ഞു. മന്ത്രി കെ.ബി.ഗണേഷ് കുമാർ, ചീഫ് വിപ്പ് എൻ.ജയരാജ്, പ്രമോദ് നാരായൺ എം.എൽ.എ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ദേവസ്വംസെക്രട്ടറി എം.ജി.രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ പി.സുനിൽ കുമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

സ്വാഗതസംഘം ഓഫീസ്

ഉദ്ഘാടനം

ആഗോള അയ്യപ്പസംഗമത്തിന്റെ സ്വാഗതസംഘം ഓഫീസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് നിർവഹിച്ചു. സംഗമത്തിൽ പങ്കെടുക്കുന്നതിന് വെർച്ചൽ ക്യൂ വെബ്‌സൈറ്റ് വഴി ഭക്തർക്ക് രജിസ്റ്റർ ചെയ്യാം. ദേവസ്വംബോർഡ് അംഗം എ.അജികുമാർ, ദേവസ്വം കമ്മിഷണർ ബി.സുനിൽകുമാർ, സെക്രട്ടറി എസ്.ബിന്ദു, ശബരിമല എക്സിക്യൂട്ടിവ് ഓഫീസർ ഒ.ജി ബിജു എന്നിവർ പങ്കെടുത്തു.