കെണിയൊരുക്കി വനംവകുപ്പ് - കുടുങ്ങാതെ കടുവ
കാളികാവ്: കടുവാഭീതിയിൽ കഴിയുന്ന അടക്കാക്കുണ്ട് എഴുപതേക്കറിൽ കടുവയെ കുടുക്കാൻ കൂട് സ്ഥാപിച്ചത് പ്രഹസനമെന്ന് നാട്ടുകാർ. രണ്ടാഴ്ച മുമ്പ് കടുവ പശുവിനെ ആക്രമിച്ച് കൊന്ന് ഭക്ഷിച്ച സംഭവത്തിന് ശേഷമാണ് വനംവകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചത്. സംഭവം നടന്നയുടൻ തന്നെ കൂടു സ്ഥാപിക്കാൻ നടപടിയെടുത്തിരുന്നെങ്കിൽ കടുവ ഒരു പക്ഷേ പിടിയിലായേനെയെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിന് ശേഷം രണ്ടു ദിവസം തുടർച്ചയായി കടുവ അതു വഴി വന്നിട്ടുണ്ട്. എന്നാൽ അഞ്ചുദിവസം മുമ്പാണ് കൂട് സ്ഥാപിച്ചത്. ആടിനെ ഇരയാക്കി വച്ച് കൂടുമായി കാത്തിരിക്കുന്നതല്ലാതെ കടുവ കെണിയിൽ വീണിട്ടില്ല. അതേ സമയം, പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരം മേഖലയിലെ കാടു വെട്ടിത്തെളിക്കൽ തുടങ്ങി. കടുവയ്ക്കും മറ്റു വന്യമൃഗങ്ങൾക്കും താവളമാകുന്ന കാടുകൾ വലിയ ഭീഷണിയായിരുന്നു.ഇത് വെട്ടിത്തെളിക്കണമെന്ന് നേരത്തെ പഞ്ചായത്ത് നിർദ്ദേശം നൽകിയിരുന്നു.
വിഷയവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വീണ്ടും തോട്ടം ഉടമകൾക്ക് നോട്ടിസ് നൽകിയിരുന്നു.കാടു കാരണം തൊഴിലാളികൾ ജോലിക്ക് ഹാജരാകാൻ മടിക്കുന്ന സാഹചര്യമുണ്ടായി.
ഇതു കൂടി കണക്കിലെടുത്താണ് എഴുപതേക്കറിൽ കാട് വെട്ടിത്തെളിക്കൽ തുടങ്ങിയത്.
അടിക്കാടുകൾ വെട്ടേണ്ടത് അനിവാര്യം
തോട്ടങ്ങളിലെ അടിക്കാടുകൾ കൂടി വരുന്നതാണ് ജന വാസ മേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങാൻ പ്രധാന കാരണം.
ജനവാസ മേഖലയിൽ ഇറങ്ങുന്ന കടുവയും പുലിയും പന്നികളും തോട്ടങ്ങളിൽ തന്നെ തങ്ങാൻ അടിക്കാടുകൾ കാരണമാകുന്നുണ്ട്.ഇത് എല്ലാ തോട്ടമുടമകളുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.കടുവയെ കുടുക്കുന്നതിന് ഇപ്പോൾ സ്ഥാപിച്ച കൂട് ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാൻ വേണ്ടി മാത്രമാണെന്നാണ് ജന സംസാരം.