'ചുവന്ന പരവതാനിയിലൂടെ നടന്നാൽ മതി, ആറ് സെക്കന്റിൽ ഇമിഗ്രേഷൻ'; ലോകത്താദ്യമായി ‌നടപ്പിലാക്കുന്ന പദ്ധതി

Wednesday 03 September 2025 11:20 AM IST

അബുദാബി: പ്രവാസികൾക്കടക്കം ആശ്വാസകരമാകുന്ന പുതിയ പദ്ധതിയുമായി ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാർക്ക് നിമിഷങ്ങൾക്കുള്ളിൽ പാസ്‌പോർട്ട് പ്രോസസ്സിംഗ് പൂർത്തിയാക്കാൻ സഹായിക്കുന്ന എഐ അധിഷ്ഠിത യാത്രാ സംവിധാനമാണ് ദുബായ് വിമാനത്താവളം ഒരുക്കിയിരിക്കുന്നത്.

വിമാനത്താവളത്തിലെ ടെർമിനൽ 3ൽ നടപ്പിലാക്കിയ 'റെഡ് കാർപെറ്റ്' സ്മാർട്ട് ഇടനാഴി വികസിപ്പിക്കാനുള്ള നീക്കത്തിലാണ് വിമാനത്താവള അധികൃതർ. പുറപ്പെടുന്ന യാത്രക്കാർക്കും എത്തിച്ചേരുന്ന യാത്രക്കാർക്കും ഒരുപോലെ സ്മാർട്ട് സിസ്റ്റം ലഭ്യമാകുന്ന തരത്തിലാണ് പദ്ധതി വികസിപ്പിക്കുന്നത്.

യാത്രാ രേഖകളൊന്നും ഹാജരാക്കാതെ തന്നെ പാസ്‌പോർട്ട് പ്രോസസ്സിംഗ് പൂർത്തിയാക്കാൻ യാത്രക്കാരെ സഹായിക്കുന്ന സംവിധാനമാണ് 'റെഡ് കാർപെറ്റ്' സ്മാർട്ട് ഇടനാഴി. സ്മാർട്ട് കോറിഡോറിന് ഒരേസമയം 10 ​​യാത്രക്കാരെ വരെ കൈകാര്യം ചെയ്യാൻ സാധിക്കും. മാത്രമല്ല, യാത്രക്കാർക്ക് 6 മുതൽ 14 സെക്കൻഡുകൾക്കുള്ളിൽ പാസ്‌പോർട്ട് നിയന്ത്രണം ക്ലിയർ ചെയ്യാനും കഴിയും.

ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളും ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ബയോമെട്രിക് ഐഡന്റിഫിക്കേഷൻ സാങ്കേതികവിദ്യകളും സംയോജിപ്പിച്ച് ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യ ഇടനാഴിയാണിതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് വ്യക്തമാക്കി.

വിമാനത്താവളത്തിലെ കൗണ്ടറുകളിൽ ഡോക്യുമെന്റ് പരിശോധനകൾ, പാസ്‌പോർട്ട് സ്കാനുകൾ തുടങ്ങിയവയ്ക്ക് പകരം, യാത്രക്കാർ ഈ ഇടനാഴിയിലൂടെ നടന്നാൽ മാത്രം മതിയാകും. ഈ സമയം എഐ സെൻസറുകൾ യാത്രക്കാരുടെ മുഖം സ്കാൻ ചെയ്ത് വിവരങ്ങൾ ശേഖരിക്കുകയാണ് ചെയ്യുന്നത്. പുതിയ സംവിധാനം ജീവനക്കാരുടെ ഇടപെടൽ കുറയ്ക്കുകയും കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ വിമാനത്താവളത്തിന്റെ ശേഷി വർദ്ധിപ്പിക്കുകയും സുരക്ഷയുടെയും കൃത്യതയുടെയും നിലവാരം നിലനിർത്തുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.