മൂന്ന് അബോർഷന് ശേഷമാണ് ഉമ്മയ്ക്ക് ഞാനുണ്ടായത്, ഓമനിച്ചുവളർത്തി; വീട്ടിൽ നിന്നിറങ്ങിയപ്പോൾ ആകെ എടുത്തത് ഡയമണ്ട് നെക്ലേസ്
ബിഗ് ബോസ് സീസൺ 7ലെ മത്സരാർത്ഥികളാണ് ലെസ്ബിയൻ കപ്പിളായ ആദിലയും നൂറയും. തന്റെ കുടുംബത്തെക്കുറിച്ച് പരിപാടിയിൽ തുറന്നുപറഞ്ഞിരിക്കുകയാണ് നൂറ ഇപ്പോൾ. മാതാപിതാക്കൾ ലാളിച്ചു വളർത്തിയ മകളായിരുന്നു താനെന്നും ആദിലയുമായിട്ടുള്ള ബന്ധം വീട്ടിൽ അംഗീകരിച്ചില്ലെന്നുമൊക്കെ നൂറ വ്യക്തമാക്കി.
'ഉപ്പയ്ക്ക് സൗദിയിൽ സൂപ്പർമാർക്കറ്റാണ്. എന്റെ പേര് തന്നെയാണ് പുള്ളി സൂപ്പർമാർക്കറ്റിന് ഇട്ടിരിക്കുന്നത്. മൂന്ന് അബോർഷന് ശേഷമാണ് ഉമ്മയ്ക്ക് ഞാനുണ്ടായത്. ആറ്റുനോറ്റുണ്ടായ കുട്ടിയെന്നൊക്കെ പറയില്ലേ, അങ്ങനെയാണ് ഞാൻ ഉണ്ടായത്. നിലത്തും തലയിലും വയ്ക്കാതെ വളർത്തിയതാണ്. എന്നെ ഭയങ്കര കാര്യമായിരുന്നു. ഉപ്പയോട് ഞാൻ എല്ലാം ഷെയർ ചെയ്യും. പരീക്ഷയ്ക്ക് തോറ്റതാണെങ്കിലും ഞാനത് ഉപ്പയോട് പറയും. അത് പ്രശ്നമില്ല, അടുത്തതവണ പഠിച്ച് ജയിക്കണമെന്ന് ഉപ്പ പറയും. കല്യാണത്തേക്കാളുപരി, ഉപ്പയുടെ മോൾ വലിയ നിലയിലെത്തണം, ജോലി കിട്ടണമെന്നൊക്കെ ഉപ്പയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. ഞങ്ങളുടെ റിലേഷൻഷിപ്പൊക്കെ അറിഞ്ഞപ്പോൾ പുള്ളിക്കത് ബുദ്ധിമുട്ടായി. ഉപ്പയോട് കുറേപ്പറഞ്ഞു. പക്ഷേ അവളെ സ്വീകരിക്കരുതെന്ന് പറഞ്ഞ് ഉപ്പയെ കുറച്ചുപേർ മാനിപ്പുലേറ്റ് ചെയ്യുന്നതായി തോന്നിയിട്ടുണ്ട്.
വീടുവിട്ടിറങ്ങിയപ്പോൾ ഞാൻ ആകെ കൊണ്ടുവന്നത് ഉപ്പ എനിക്ക് ആദ്യമായി വാങ്ങിത്തന്ന ഡയമണ്ട് നെക്ലേസ് ആയിരുന്നു. കാരണം ഞാൻ ആദിലയുടെ കൂടെയാണ് ജീവിക്കുന്നത്. ഇവളെ ഉപ്പയ്ക്കും ഉമ്മയ്ക്കും ഇഷ്ടമുണ്ടാകില്ല. കാണാനോ, ഇവളോട് സംസാരിക്കാനോ ഇഷ്ടമുണ്ടാവില്ല. പക്ഷേ അവർക്ക് ആ സ്നേഹം ഇവൾക്ക് കൊടുക്കാനായില്ല. ഞാൻ ആ ഡയമണ്ട് നെക്ലേസ് നീ ഇടണമെന്ന് പറഞ്ഞ് ഇവൾക്ക് കൊടുത്തു. അവരുടെ സ്നേഹം അങ്ങനെയെങ്കിലും ഇവളുടെയടുത്തെത്തട്ടെയെന്ന് കരുതി.'- നൂറ പറഞ്ഞു.