'മോഹൻലാലിന് ശരിക്കും പ്രോബ്ലം ഉണ്ടോയെന്ന് തോന്നിപ്പോയി'; ഹൃദയപൂർവത്തിലെ അഭിനയത്തെക്കുറിച്ച് ഡോക്‌ടർ

Wednesday 03 September 2025 3:13 PM IST

ഹൃദയപൂർവം എന്ന ചിത്രത്തിലെ മോഹൻലാലിന്റെ അഭിനയത്തെക്കുറിച്ച് ഫേസ്‌ബുക്ക് പോസ്റ്റ് പങ്കിട്ട് ഡോക്‌ടർ ബിജു ജി നായർ. നടുവേദനയുള്ള ഒരാളുടെ മാനറിസങ്ങൾ വളരെ പെർഫക്‌‌റ്റായിട്ടാണ് മോഹൻലാൽ ചെയ്‌തതെന്ന് അദ്ദേഹം പറഞ്ഞു. 32 വർഷത്തെ ചികിത്സാ അനുഭവത്തിൽ ഇതുപോലെ എത്രയോപേരെ കണ്ടത് ഓർമവരുന്നു, ശരിക്കും അദ്ദേഹത്തിന് നടുവേദനയുണ്ടോ എന്നുവരെ തോന്നിപ്പോയെന്നും ഡോക്‌ടറുടെ കുറിപ്പിൽ പറയുന്നുണ്ട്.

ഇതൊരു ഫിലിം റിവ്യൂ അല്ല എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. 'ഒരു പടിക്കെട്ട് ഇറങ്ങിവരുന്ന സീനുണ്ട്. ഒരിക്കലും മറക്കില്ല. നല്ല സിനിമ എന്ന് പ്രത്യേകം എടുത്ത് പറയുന്നില്ല. ഓരോ പ്രാവശ്യവും കാണുമ്പോൾ അഭിനയത്തിന്റെ വിസ്‌മയമായി ലാലേട്ടൻ ഞെട്ടിക്കുന്നുവെന്ന് പറയാതെ വയ്യ ' - ബിജു ജി നായർ കുറിച്ചു. ഡോക്‌ടറുടെ ഫേസ്‌ബുക്ക് പോസ്റ്റ് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വൈറലായി.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇതൊരു ഫിലിം റിവ്യൂ അല്ല. ഫിലിം റിവ്യൂ ചെയ്യാനുള്ള റേഞ്ച് ഒന്നും ഇല്ലാത്ത ഒരു പ്രേക്ഷകനാണ് ഞാൻ. ഇതിൽ നടുവ് വേദനയുള്ള ഒരാളുടെ മാനറിസങ്ങൾ എത്ര പെർഫക്റ്റായാണ് ലാലേട്ടൻ ചെയ്തിരിക്കുന്നത് എന്നത് ഏറെ അത്ഭുത പ്പെടുത്തി. കഴിഞ്ഞ 32 വർഷത്തെ ചികിത്സാനുഭവത്തിനിടയിൽ, ഇതുപോലെയുള്ള എത്രയോ പേരെ കണ്ടത് ഓർമ്മ വന്നു. ഇനി ശരിക്കും പ്രോബ്ലം ഉണ്ടോ എന്ന് വരെ തോന്നി പ്പോയി. ഒരു പടിക്കെട്ട് ഇറങ്ങി വരുന്ന സീൻ ഉണ്ട്.. ഒരിക്കലും മറക്കില്ല. നല്ല സിനിമ എന്ന് പ്രത്യേകം എടുത്തു പറയുന്നില്ല. ഓരോ പ്രാവശ്യവും കാണുമ്പോൾ അഭിനയത്തിന്റെ വിസ്മയമായി ലാലേട്ടൻ ഞെട്ടിക്കുന്നുവെന്നത് പറയാതെ വയ്യ.