യാത്രക്കാർ എത്തിയില്ല, നാലര മണിക്കൂർ മുമ്പ് വിമാനം പുറപ്പെട്ടു; കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധം
Wednesday 03 September 2025 4:01 PM IST
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സമയക്രമത്തിൽ മാറ്റം വരുത്തിയ വിമാനം നാലര മണിക്കൂർ മുമ്പേ പറന്നു. സമയം മാറ്റിയത് അറിയിക്കാത്തതിന്റെ പേരിൽ യാത്രക്കാർ വിമാനത്താവളത്തിൽ ബഹളമുണ്ടാക്കി.
ഇന്നലെ രാത്രി എട്ടരയ്‌ക്ക് ബംഗളൂരുവിലേക്ക് പുറപ്പെടേണ്ട വിമാനമാണ് വൈകിട്ട് നാല് മണിക്ക് പുറപ്പെട്ടത്. ഇതറിയാതെ എത്തിയ യാത്രക്കാരാണ് പ്രതിഷേധിച്ചത്. വിമാനം നേരത്തേ പുറപ്പെടുന്ന കാര്യം അറിയിച്ചില്ലെന്ന് പറഞ്ഞ ഇവർ ഏറെനേരം വിമാനത്താവളത്തിനുള്ളിൽ ബഹളമുണ്ടാക്കി. എന്നാൽ, യാത്രക്കാരെ വിവരമറിയിച്ചിരുന്നുവെന്നാണ് വിമാനക്കമ്പനി അധികൃതർ പറയുന്നത്. ടിക്കറ്റ് തുക യാത്രക്കാർക്ക് തിരികെ നൽകാമെന്ന് വിമാനക്കമ്പനി ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.