"സത്യത്തിന്റെ മുഖം എത്ര വികൃതമാണ്, തലപൊട്ടി പൊളിയുന്നു"; സരിനെതിരായ ആരോപണത്തിൽ ഉറച്ച് ട്രാൻസ് വുമൺ
ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് ഡോ. പി സരിന്റെ ഭാര്യയായ ഡോ. സൗമ്യ സരിൻ രംഗത്തെത്തിയിരുന്നു. പകൽ വെളിച്ചത്തിൽ മാന്യമായിട്ടാണ് തന്റെ ഭർത്താവ് തോറ്റത്. ആ തോൽവിയിലും അന്തസുണ്ട്. അല്ലാതെ മൂപ്പർ ഒന്നും കലക്കാൻ ഗുളികയൊന്നും നിർബന്ധിച്ച് കഴിപ്പിച്ചതായി അറിയില്ലെന്നും ആർക്കെങ്കിലും അറിയാമെങ്കിൽ പറയണമെന്നും സൗമ്യ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
കഴിഞ്ഞ ദിവസം സരിനെതിരെ ആരോപണവുമായി ട്രാൻസ്‌വുമണും കോൺഗ്രസ് പ്രവർത്തകയുമായ രാഗ രഞ്ജിനി രംഗത്തെത്തിയിരുന്നു. 'ഡോക്ടർ സൗമ്യ സരിനോട് ആണ് പറയാനുള്ളത്. എനിക്ക് നിങ്ങളുടെ ഭർത്താവിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ആ വ്യക്തിയെ അത്ര ബഹുമാനിക്കുന്നതുകൊണ്ടാണ് പറയാതിരുന്നത്. ഞാൻ സമരാഗ്നിക്ക് കാസർകോട് പോയപ്പോൾ എനിക്കൊരു മോശം അനുഭവം ഉണ്ടായിരുന്നു, അന്ന് രാത്രി അവിടെ സ്‌റ്റേ ചെയ്യാൻ വളരെയേറെ നിർബന്ധിച്ചിരുന്നു. അത് സ്‌നേഹപൂർവം നിരസിച്ചിരുന്നു. ഇതിവിടെ പറയേണ്ടി വരുന്നത്, നിങ്ങൾ പറഞ്ഞുപറയിപ്പിച്ചതാണ്.'- എന്നായിരുന്നു രാഗ രഞ്ജിനി ഫേസ്‌ബുക്കിൽ കുറിച്ചത്.
പോസ്റ്റ് വളരെപ്പെട്ടന്നുതന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഇതിനുപിന്നാലെ രാഗ രഞ്ജിനി പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ അതിൽ വിശദീകരണവുമായയെത്തിയിരിക്കുകയാണ് അവർ. "സത്യത്തിന്റെ മുഖം എത്ര വികൃതമാണ്. തലപൊട്ടി പൊളിയുന്നു. തുറന്നു പറയാൻ എനിക്കുണ്ടാകുന്ന ബുദ്ധിമുട്ട്. അപ്പോൾ മറ്റുള്ളവരെ കാര്യം ആലോചിക്കുക. ഞാൻ ഇട്ട പോസ്റ്റ് പിൻവലിച്ചത് എനിക്ക് മാനസികമായി കുടുംബത്തിൽ നിന്നും ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്. പാർട്ടി പ്രവർത്തനത്തിന് പോകാൻ വീട്ടുകാർ സമ്മതിക്കില്ല."- എന്നാണ് അവർ ഫേസ്‌ബുക്കിൽ കുറിച്ചത്.