നാല് പൊലീസുകാരുടെ ഇൻക്രിമെന്റ് റദ്ദാക്കി,യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ ഡിജിപിക്ക് റിപ്പോർട്ട് കൈമാറി

Wednesday 03 September 2025 4:44 PM IST

തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ അകാരണമായി കുന്നംകുളം പൊലീസ് മർദ്ദിച്ച സംഭവത്തിൽ ഡിഐജി ഹരിശങ്കർ ഡിജിപിക്ക് റിപ്പോർട്ട് കൈമാറി. കോടതി ഉത്തരവിനുശേഷം തുടർനടപടിയാകാമെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. യുവാവിനെ കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുളളൂവെന്നാണ് റിപ്പോർട്ടിലുളളത്. പരാതി ഉയർന്ന അന്നുതന്നെ നടപടിയെടുത്തെന്നും നാല് ഉദ്യോഗസ്ഥരുടെയും രണ്ട് വർഷത്തേക്കുളള ഇൻക്രിമെന്റ് റദ്ദാക്കിയെന്നും സ്ഥലം മാറ്റലടക്കമുളള നടപടി സ്വീകരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്‌ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.

കുന്നംകുളം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുജിത്താണ് ക്രൂരമർദ്ദനത്തിനിരയായത്. 2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. വഴിയരികിൽ നിന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പൊലീസിനോട് സുജിത്ത് വിവരം അന്വേഷിച്ചിരുന്നു. ഇത് ഇഷ്ടപ്പെടാതെ വന്ന എസ്‌ഐ നുഹ്മാൻ സുജിത്തിനെ സ്‌​‌‌റ്റേഷനിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സുജിത്ത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. 'നാട്ടിലെ കുട്ടികൾ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ക്ലബിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് പൊലീസ് വന്നത്. കുട്ടികൾ എന്നെ വിളിക്കുകയായിരുന്നു. പൊലീസുകാർ മോശമായാണ് സംസാരിച്ചത്. എന്തിനാണ് മോശമായി സംസാരിക്കുന്നതെന്ന് ഞാൻ ചോദിച്ചു. ഞാനാരാ എന്ന് അവർ ചോദിച്ചു. പൊതുപ്രവർത്തകനാണെന്ന് പറഞ്ഞതാണ്. അപ്പോൾ തന്നെ അവർ എന്റെ ഷർട്ട് വലിച്ചുകീറി. വണ്ടിയിൽ കയ​റ്റി സ്​റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. സിസിടിവി ഇല്ലാത്ത സ്ഥലത്ത് കൊണ്ടുപോയിട്ടും മർദ്ദിച്ചു'- സുജിത്ത് പറഞ്ഞു.

വൈദ്യപരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. കോടതി നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചുവെന്നും വ്യക്തമായിട്ടുണ്ട്.