നോൺസ്റ്റിക് പാത്രം മുതൽ ടോയ്‌‌ലറ്റ് ബ്രഷിന് വരെ എക്‌സ്‌പയറി ഉണ്ട്, എത്രനാൾ ഉപയോഗിക്കാമെന്നറിയാമോ?

Wednesday 03 September 2025 4:53 PM IST

മെത്തകൾ, ടോയ്ലറ്റ് ബ്രഷുകൾ, ബാത്ത് മാറ്റുകൾ പോലുള്ള വസ്തുക്കൾ നമ്മൾ ദിവസവും ഉപയോഗിക്കുന്ന സാധനങ്ങളാണ്. ഇവയ്‌ക്കൊക്കെ എക്സ്പയറി ഉണ്ടെന്ന് നിങ്ങളിൽ എത്രപേർക്കറിയാം? ഇവയൊക്കെ മാറ്റാനുള്ള സമയപരിധിയെക്കുറിച്ച് ഡോ. മനൻ വോറ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 'നിങ്ങൾ എത്രയും വേഗം മാറ്റേണ്ട വീട്ടുപകരണങ്ങൾ!' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബാത്ത് മാറ്റുകൾ

ഏറ്റവും കൂടുതൽ രോഗാണുക്കൾ വരാൻ സാദ്ധ്യതയുള്ള സാധനമാണ് ബാത്ത് മാറ്റുകൾ. എന്നാൽ പലരും ബാത്ത് മാറ്റുകൾ ദീർഘകാലം ഉപയോഗിക്കാറുണ്ട്. ശുചിത്വം പാലിക്കുന്നതിനും ബാക്ടീരിയകൾ അടിഞ്ഞുകൂടുന്നത് ഒഴിവാക്കുന്നതിനുമായി ഒരു വർഷത്തിനുള്ളിൽ ബാത്ത് മാറ്റുകൾ മാറ്റുന്നതാണ് നല്ലതെന്ന് ഡോ. വോറ പറഞ്ഞു.

ബെഡ് ഷീറ്റുകൾ

ആഴ്ചയ്ക്ക് അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോൾ അലക്കാറുണ്ടെങ്കിലും പലരും വർഷങ്ങളോളം ഒരേ ബെഡ്ഷീറ്റ് തന്നെ ഉപയോഗിക്കാറുണ്ട്. എന്നാൽ ഓരോ രണ്ട് വർഷത്തിലും ബെഡ് ഷീറ്റുകൾ മാറ്റണമെന്ന് ഡോ. വോറ നിർദ്ദേശിച്ചു.

ടോയ്‌ലറ്റ് ബ്രഷുകൾ

ടോയ്ലറ്റ് ബ്രഷുകളിലും ശ്രദ്ധവേണം. കുളിമുറികളിൽ ശരിയായ ശുചിത്വം ഉറപ്പാക്കാൻ 8 മുതൽ 10 മാസം വരെ മാത്രമേ ഇവ ഉപയോഗിക്കാവൂ. ശേഷം മറ്റൊന്ന് വാങ്ങിക്കുകയെന്നാണ് അദ്ദേഹം നിർദേശിക്കുന്നത്.

നോൺസ്റ്റിക്ക് പാത്രങ്ങൾ

നോൺസ്റ്റിക്ക് പാത്രങ്ങൾ സാധാരണയായി കൂടുതൽ കാലം നിലനിൽക്കും. പക്ഷേ ഇതിനും എക്സ്പയറി ഉണ്ട്. അഞ്ച് വർഷത്തിലൊരിക്കലോ അല്ലെങ്കിൽ കോട്ടിംഗ് പോകുമ്പോഴോ ഇവ മാറ്റണം.

മെത്തകൾ

എട്ട് വർഷം കൂടുമ്പോൾ മെത്തകൾ മാറ്റുന്നതാണ് ഉത്തമമെന്ന് ഡോ. വോറ ഉപദേശിച്ചു. ഇത് നല്ല ഉറക്കം കിട്ടാനും സഹായിക്കും.

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ചിലർ ഡോക്ടറുടെ ഉപദേശത്തെ അഭിനന്ദിച്ചപ്പോൾ, മറ്റുചിലർ രസകരമായ അഭിപ്രായങ്ങളാണ് കമന്റ് ചെയ്തിരിക്കുന്നത്. 'എനിക്ക് എന്നെത്തന്നെ മാറ്റേണ്ടതുണ്ട്'- എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഇത്തരത്തിൽ ഇടയ്‌ക്കിടെ സാധനങ്ങൾ മാറ്റാൻ വലിയ തുക ആവശ്യമാണ്. അതൊക്കെ പണക്കാർക്ക് മാത്രമേ സാധിക്കുകയുള്ളൂ'- എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.