ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്: ജില്ലയിലാകെ മത്സരിക്കാൻ ട്വന്റി 20 തയ്യാറെടുക്കുന്നു

Thursday 04 September 2025 1:25 AM IST

കൊച്ചി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജില്ലയിലാകെ മത്സരിക്കാനുറച്ച് ട്വന്റി 20. ഇതോടെ തീരുമാനം മൂന്നു മുന്നണികളെയും ബാധിക്കും. ട്വന്റി 20യുടെ രംഗപ്രവേശത്തോടെ കണക്കുകൂട്ടലുകൾ പിഴച്ചാൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ സമവാക്യങ്ങൾ മാറുമെന്ന് ഉറപ്പാണ്.

കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട്, മൂവാ​റ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, കൂത്താട്ടുകുളം മുനിസിപ്പാലി​റ്റികളിലും കുന്നത്തുനാട് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മത്സരിക്കാനാണ് തീരുമാനം. പെരുമ്പാവൂർ മണ്ഡലത്തിൽ കഴിഞ്ഞ തവണ മത്സരിച്ച് മികച്ച നേട്ടം കൈവരിച്ച വെങ്ങോല ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലും മത്സരിക്കും. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ എൽ.ഡി.എഫ് മൂന്നാം സ്ഥാനാത്തായിരുന്നു. ഒന്നും രണ്ടും സ്ഥാനങ്ങളിൽ യു.ഡി.എഫും ട്വന്റ 20യുമെത്തി.

പി.വി. ശ്രീനിജിൻ എം.എൽ.എയുടെ ട്വന്റി 20വിരുദ്ധ നിലപാട് പാർട്ടിക്ക് തിരച്ചടിയാകുമെന്ന വിലയിരുത്തലിലാണ് എൽ.ഡി.എഫ് നേതൃത്വം. ഇവർ തമ്മിലുള്ള പോരാട്ടത്തിൽ കാഴ്ചക്കാരായി നിൽക്കുന്ന യു.ഡി.എഫ് നേട്ടമുണ്ടാക്കാനാകുമെന്നുള്ള പ്രതീക്ഷയിലാണ്.

 യു.ഡി.എഫുമായി നേരിട്ട് മത്സരം

ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിലും ട്വന്റി 20യും യു.ഡി.എഫും തമ്മിൽ നേരിട്ടുള്ള മത്സരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. മണ്ഡലത്തിൽ 8 പഞ്ചായത്തിൽ രണ്ടിടത്ത് മാത്രം ഭരണത്തിലുള്ള എൽ.ഡി.എഫ് മുന്നണി ഇക്കുറി അപ്രസക്തമായേക്കുമെന്നാണ് വിലയിരുത്തൽ. കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിൽ സംപൂജ്യരായ എൽ.ഡി.എഫിന് മഴുവന്നൂരിൽ നാലും കുന്നത്തുനാട്ടിൽ രണ്ടും പേരെയാണ് ജയിപ്പിക്കാനായത്. വാഴക്കുളം പഞ്ചായത്തിൽ പട്ടികജാതി പ്രസിഡന്റ് സ്ഥാനം കിട്ടിയതൊഴിച്ചാൽ മ​റ്റ് നേട്ടങ്ങളൊന്നും അവകാശപെടാനില്ല.

 കോട്ടകൾ പൊളിയുമോ?

തിരുവാണിയൂരിലെയും പുത്തൻകുരിശിലെയും എൽ.ഡി.എഫ് കോട്ടകൾ ഇക്കുറി പൊളിക്കാനുള്ള പണികളിലാണ്

ട്വന്റി20 നേതൃത്വം. അതിനിടെ കഴിഞ്ഞ ദിവസം ട്വന്റി 20 മാർക്ക​റ്റിലെ വസ്ത്ര വിപണന മേളയിലെത്തിയ എം.എൽ.എ അമ്പത് ശതമാനം വിലക്കുറവിൽ ഉത്പന്നങ്ങൾ വാങ്ങിയതിനെതിരെ പ്രതിഷേധം പുകയുകയാണ്. ഏരിയാ കമ്മി​റ്റിയംഗങ്ങളും ലോക്കൽ കമ്മിറിയംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരുമടക്കം പരസ്യ പ്രതികരണവുമായി എത്തിയത് പാർട്ടിയെ പ്രതിസന്ധിയിലാക്കി. നിലപാട് മാ​റ്റം അണികളോട് വിശദീകരിക്കാനാകാതെ കുഴങ്ങുകയാണ് നേതാക്കൾ.

ട്വന്റി 20യുടെ പഞ്ചായത്തുകൾ

കിഴക്കമ്പലം

കുന്നത്തുനാട്

ഐക്കരനാട്

മഴുവന്നൂർ

ലക്ഷ്യം കുന്നത്തുനാട് നിയമസഭാമണ്ഡലം

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി കുന്നത്തുനാട് മണ്ഡലം പിടിച്ചെടുക്കുകയാണ് ട്വന്റി 20 ലക്ഷ്യം.

പൂതൃക്ക, തിരുവാണിയൂർ, പുത്തൻകുരിശ്, വാഴക്കുളം പഞ്ചായത്തുകളിൽ കൂടി ഭരണത്തിലെത്താൻ പാർട്ടി കഠിനശ്രമം നടത്തും. നിലവിലെ എം.എൽ.എ പിവി.ശ്രീനിജിനും ട്വന്റി 20യും ബദ്ധവൈരികളാണുതാനും.