ഭക്ഷ്യ വകുപ്പിന്റെ ഇടപെടൽ പൂർണ വിജയം, കരിഞ്ചന്തക്കാർ സുല്ലിട്ടു, വിപണിയിൽ ഓണസമൃദ്ധി
ഓണച്ചന്തകൾ ഉൾപ്പെടെ സപ്ലൈകോ വിപണന കേന്ദ്രങ്ങളിലെ ഇക്കഴിഞ്ഞ തിങ്കളാഴ്ചത്തെ വിറ്റുവരവ് 22 കോടിയായിരുന്നു! ആ റെക്കാഡ് അടുത്ത ദിവസംതന്നെ തിരുത്തിക്കുറിച്ചു- 25 കോടിയുടെ വില്പന! കഴിഞ്ഞ വർഷം ഇതായിരുന്നില്ല അവസ്ഥ. വിപണന കേന്ദ്രങ്ങളിൽ അവശ്യസാധനങ്ങളുടെ കുറവ് വലിയ തിരിച്ചടിയായിരുന്നു. പരാതികൾ ധാരാളം വന്നു. ഇത്തവണ, ദീർഘദൃഷ്ടിയോടെ ഭക്ഷ്യ മന്ത്രി ജി.ആർ അനിലിന്റെ നേതൃത്വത്തിൽ കാര്യങ്ങൾ അതിവേഗം നിങ്ങി.
വെളിച്ചെണ്ണ ഉൾപ്പെടെയുള്ളവയുടെ വില കത്തിക്കയറിപ്പോയപ്പോഴും കൃത്യമായ ഇടപെടലുണ്ടായി. കുറഞ്ഞ വിലയ്ക്ക് സപ്ലൈകോയിൽ വെളിച്ചെണ്ണ അടക്കം പൊതുജനത്തിന് ലഭിക്കുമെന്നായപ്പോൾ വിപണിയിൽ വില താനേ കുറഞ്ഞു. കരിഞ്ചന്തക്കാർക്ക് ഒന്നും ചെയ്യാനായില്ല. ഗുണമേന്മയുള്ള സാധനങ്ങളെല്ലാം വില കുറച്ച് ഒരിടത്തു തന്നെ കിട്ടുമെന്നായതോടെ ജനം സപ്ലൈകോ വിപണന കേന്ദ്രങ്ങളിലേക്കു തന്നെ പോയി. ഓണക്കച്ചവടത്തിൽ സപ്ലൈകോ ലക്ഷ്യമിട്ടത് 300 കോടി രൂപയായിരുന്നെങ്കിൽ സെപ്തംബർ രണ്ടിന് പിന്നിട്ടത് 350 കോടി! ഓണത്തിന് വിപണി ഇടപെടൽ ഗംഭീരമായതിനു പിന്നിൽ പ്രധാനമായും പ്രവർത്തിച്ചത് ഭക്ഷ്യ വകുപ്പാണ്. വകുപ്പിന്റെ അമരക്കാരനായ മന്ത്രി ജി.ആർ. അനിൽ ആ 'ഹാപ്പി മൂഡി"ൽ സംസാരിക്കുന്നു.
? ഇത്തവണത്തെ ഓണം വിപണി ഇടപെടൽ ഇത്ര വിജയമാകുമെന്ന് പ്രതീക്ഷിച്ചതാണോ?
ഫലപ്രദമായ ഇടപെടൽ ഉണ്ടായാൽ വിജയം പിന്നാലെ വരുമെന്നതിന് തെളിവാണ് ഇത്. 14 ജില്ലാ ഫെയറുകൾ ഉൾപ്പെടെ 140 നിയോജക മണ്ഡലങ്ങളിലും സപ്ലൈകോയുടെ ഓണച്ചന്ത സംഘടിപ്പിച്ചു. ഉൾപ്രദേശങ്ങളിൽ സഞ്ചരിക്കുന്ന ഓണച്ചന്തകളും പ്രവർത്തിക്കുന്നു. ജൂലായിൽ 168 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. 60 കോടിയുടെ സബ്സിഡി ഉത്പന്നങ്ങൾ വിതരണം ചെയ്തു.
ആഗസ്റ്റിൽ എല്ലാ റെക്കാഡുകളും തകർന്നു. ആഗസ്റ്റ് 31 വരെയുള്ള വിറ്റുവരവ് 297.3 കോടി രൂപ. ആഗസ്റ്റ് 11, 12 തീയതികളിൽ പ്രതിദിന വിറ്റുവരവ് പത്തു കോടി കവിഞ്ഞ് ക്രമാനുഗതമായി വർദ്ധിച്ച് ആഗസ്റ്റ് 27 ന് സപ്ലൈകോയുടെ ചരിത്രത്തിലെ തന്നെ പ്രതിദിന റെക്കാഡ് വിറ്റുവരവായ 15.70 കോടിയിലെത്തി. (ഇതിനു മുമ്പുള്ള പ്രതിദിന വിറ്റുവരവ് 15.37 കോടിയായിരുന്നു) ഇന്നലെ വരെ ഈ ഓണക്കാലത്ത് ആകെ 354 കോടി രൂപയുടെ വില്പനയാണ് നടന്നത്. 51.87 ലക്ഷം ഉപഭോക്താക്കൾ സപ്ലോകോയിലെത്തി. അതിനർത്ഥം സംസ്ഥാനത്തെ രണ്ടു കോടിയിലധികം പേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു എന്നാണ്.
? വെളിച്ചെണ്ണ വില ഇനിയും കുറയുമോ.
വെളിച്ചെണ്ണയുടെ നിലവിലുള്ള വിലയിൽ നിന്ന് ഇനിയും കുറവു വരുത്താൻ സാധിക്കും. ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലയിൽ നിന്ന് 457 രൂപ വിലയുള്ള കേര വെളിച്ചെണ്ണ ആവശ്യാനുസരണം നൽകിയിരുന്നു. ആഗസ്റ്റ് 25 മുതൽ 429 രൂപയിലേക്ക് കേര വെളിച്ചെണ്ണയുടെ വില കുറച്ചു. നേരത്തേ ഒരു ബില്ലിന് ഒരു ലിറ്റർ കേര വെളിച്ചെണ്ണ മാത്രം എന്നുണ്ടായിരുന്ന നിബന്ധന, ഉപഭോക്താക്കളുടെ ആവശ്യപ്രകാരം മാറ്റി. സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരിയുടെ ഒരു ലിറ്റർ സബ്സിഡി വെളിച്ചെണ്ണ 349 രൂപയ്ക്ക് നൽകിയിരുന്നത് പിന്നീട് 339 രൂപയാക്കി. സബ്സിഡി ഇതര ശബരി വെളിച്ചെണ്ണ 429 രൂപയിൽ നിന്ന് 389 രൂപയായി കുറച്ചു. സെപ്തംബ ർ 3, 4 തീയതികളിൽ 1500 രൂപയുടെയോ അതിലധികമോ സബ്സിഡി ഇതര ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ഒരു ലിറ്റർ വെളിച്ചെണ്ണ കൂടി സബ്സിഡി നിരക്കിൽ നൽകാനും തീരുമാനിച്ചു.
? കേന്ദ്ര സഹായമൊന്നും ലഭിക്കാത്തത് തിരിച്ചടിയായോ.
കേന്ദ്രം അവഗണിച്ചുവെങ്കിലും സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയിൽ അതെല്ലാം മറികടക്കാനായി. ഈ ഓണത്തിന് ടൈഡ് ഓവർ വിഹിതത്തിന്റെ വിലയായ 8.30 രൂപയ്ക്ക് കേരളത്തിന് അധിക അരി വിഹിതം നൽകണമെന്ന് ജൂലായ് ഒന്നിന് കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൾഹാദ് ജോഷിയെ നേരിട്ടു കണ്ട് ആവശ്യപ്പെട്ടെങ്കിലും ഒരുമണി അരിപോലും അധികം നൽകാനാകില്ലെന്ന നിലപാടാണെടുത്തത്. എന്നാൽ വരാനിരിക്കുന്ന മാസങ്ങളിലെ വിഹിതം ഉപയോഗിച്ച്
ഓണത്തിന് സ്‌പെഷ്യൽ അരി സംസ്ഥാന സർക്കാർ ലഭ്യമാക്കി. വെള്ള, നീല, പിങ്ക് കാർഡുകാർക്ക് യഥാക്രമം 15, 10, 5 കിലോ വീതം അരി 10.90 രൂപയ്ക്ക് റേഷൻകടകൾ വഴി വിതരണം ചെയ്തു. ഇതു കൂടാതെ സപ്ലൈകോ വില്പനശാലകൾ വഴി 25 രൂപ നിരക്കിൽ കാർഡ് ഒന്നിന് 20 കിലോ പച്ചരിയോ പുഴുക്കലരിയോ ഇഷ്ടാനുസരണം നൽകി. സബ്സിഡിയായി സപ്ലൈകോ സാധാരണയായി നൽകിവരുന്ന എട്ടു കിലോയ്ക്ക് പുറമെയാണിത്.
? എ.ഐ.വൈ കാർഡ് ഉടമകൾക്കുള്ള ഓണക്കിറ്ര് വിതരണത്തിൽ കഴിഞ്ഞ ദിവസം തടസം നേരിട്ടത് പരിഹരിച്ചോ?
അത് അപ്പോൾത്തന്നെ പരിഹരിച്ചു. കേന്ദ്രം സെർവർ അപ്ഡേറ്റ് ചെയ്തതിനെ തുടർന്ന് കുറച്ചു നേരമാണ് തടസം നേരിട്ടത്. കിറ്റ് വിതരണം 15 വരെ നടക്കും. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്) വിഭാഗത്തിലെ കുടുംബങ്ങൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമടക്കം 14 ഇനങ്ങളടങ്ങിയ 6,14,217 സൗജന്യ ഭക്ഷ്യ കിറ്റുകളാണ് ഇക്കുറി നൽകുന്നത്. സംസ്ഥാനത്തെ അംഗീകൃതവും അല്ലാത്തതുമായ അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ, ക്ഷേമാശുപത്രികൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക്, നാലുപേർക്ക് ഒരു കിറ്റ് എന്ന ക്രമത്തിൽ നൽകുന്നു. ഇതിനു പുറമെ ചെങ്ങറ സമരഭൂമിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്കും കിറ്റ് നൽകുന്നു.
? ഓണവിപണി ഇടപെടലിലെ വിജയം നൽകുന്ന ആത്മവിശ്വാസം.
കേരളം ഒരു ഭക്ഷ്യക്കമ്മി- ഉപഭോക്തൃ സംസ്ഥാനമാണ്. ഭക്ഷ്യധാന്യങ്ങൾക്ക് ഉൾപ്പെടെ ഉത്പാദക സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ഇത് സ്വാഭാവികമായും വലിയ തോതിലുള്ള വിലക്കയറ്റത്തിന്, വിശേഷിച്ച് ഉത്സവ കാലങ്ങളിൽ, ഇടയാക്കാൻ സാദ്ധ്യതയുണ്ട്. ഇത് സാധാരണക്കാരെയാണ് ബാധിക്കുന്നത്. പ്രശ്നം തിരിച്ചറിഞ്ഞ് കാര്യക്ഷമമായി വിപണി ഇടപെടൽ നടത്തുകയാണ് പോംവഴി. സർക്കാർ അവശ്യവസ്തുക്കളുടെ ഉത്പാദകരല്ല. നിയമപരമായ ഉത്തരവിലൂടെ വില നിശ്ചയിക്കാനുള്ള അധികാരവും സ്വതന്ത്ര സമ്പദ് വ്യവസ്ഥ നിലനിൽക്കുന്ന നമ്മുടെ രാജ്യത്തില്ല. ഈ പരിമിതികളെയെല്ലാം മറികടന്നുകൊണ്ടാണ് കേരളം മാതൃകാപരമായ ഒരു സംവിധാനം ഒരുക്കിയിട്ടുള്ളത്. അത് പ്രവർത്തനക്ഷമമാണ് എന്ന് ഈ ഓണക്കാലവും തെളിയിച്ചു.