ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം: നാല് പേർ അറസ്റ്റിൽ  രണ്ടു പേർക്ക് വയസ് 18 ൽ താഴെ

Wednesday 03 September 2025 9:25 PM IST

പറവൂർ: പല്ലംതുരുത്ത് റോഡിലുള്ള ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിൽ മോഷണം നടത്തിയ നാല് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വെടിമറ സ്വദേശികളായ തോപ്പിൽപറമ്പിൽ മുഹമ്മദ് സഫർ സത്താർ (19), കരടത്ത് വീട്ടിൽ അദിനാൻ നജീബ് (18) എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് പിടിയിലായത്.

അവധിദിവസമായ ഒന്നാം തീയതി രാത്രി രണ്ടിനാണ് മോഷണം. വിലകൂടിയ വിവിധ ബ്രാൻഡുകളിൽപ്പെട്ട 12 കുപ്പി മദ്യവും രണ്ടായിരത്തോളം രൂപയും നഷ്ടപ്പെട്ടു. മോഷ്‌ടിച്ച വസ്‌തുക്കൾ ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഔട്ട്ലെറ്രിൽ നിന്ന് ലഭിച്ച സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിലായിരുന്നു അന്വേഷണം. മുനമ്പം ഡി.വൈ.എസ്‌പി എസ്. ജയകൃഷ്‌ണൻ, ഇൻസ്പെക്‌ടർ ഷോജോ വർഗീസ്, സബ് ഇൻസ്പെക്‌ടർ ടി.ബി. ബിബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്.