ഫ്ലാറ്റ് പണയത്തിനെടുത്ത് തട്ടിപ്പ്: ഒന്നാംപ്രതിയും മകനും പിടിയിൽ
കാക്കനാട്: മലബാർ അപ്പാർട്ട്മെന്റ് എൽ.എൽ.പി എന്ന സ്ഥാപനത്തിന്റെ പേരിൽ കാക്കനാടുള്ള വിവിധ ഫ്ലാറ്റുകളിലെ വിവിധ അപ്പാർട്ടുമെന്റുകൾ ഉടമസ്ഥരിൽനിന്ന് പണയത്തിനെടുത്ത് മറ്റുള്ളവർക്ക് പണയത്തിന് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരിൽനിന്നും പണംവാങ്ങിക്കുകയും വാടക കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകാതെയും അപ്പാർട്ട്മെന്റ് ഉടമകൾക്ക് കൃത്യമായി വാടക നൽകാതെയും കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാംപ്രതി അറസ്റ്റിൽ. തൃക്കാക്കര മലബാർ അപ്പാർട്ട്മെന്റിൽ പി.കെ. ആശയെയാണ് (55) തൃക്കാക്കര പൊലീസ് അറസ്റ്റുചെയ്തത്. അടിപിടിക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മകൻ മിഥുനെയും (25) ഒപ്പംപിടികൂടി. ഇരുവരെയും ഇടക്കൊച്ചിയിലെ ഒളിസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്.
ഫ്ളാറ്റുതട്ടിപ്പുകേസിലെ പ്രതിയും സൂത്രധാരനുമായ മിന്റു കെ. മാണിയെയും മറ്റൊരു പ്രതിയായ സാന്ദ്രയേയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഫ്ളാറ്റുതട്ടിപ്പുകേസിലെ പ്രതികളുടെ പേരിൽ തൃക്കാക്കര സ്റ്റേഷനിൽ 8 കേസുകളും ഇൻഫോപാർക്ക് സ്റ്റേഷനിലും കടവന്ത്ര സ്റ്റേഷനിലുമായി ഏഴ്' കേസുകളും നിലവിലുണ്ട്.
തൃക്കാക്കര അസി. കമ്മിഷണർ പി.എസ്. ഷിജുവിന്റെ നിർദ്ദേശപ്രകാരം തൃക്കാക്കര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരൺ സി. നായരുടെ നേതൃത്യത്തിൽ സബ് ഇൻസ്പെക്ടർ വി. ബി.അനസ്, എ.എസ്. ഐ ബിന്ദു, സി.പി.ഒമാരായ ഗുജ്‌റാൾദാസ്, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.