ഓണം വൈബ് അടിപൊളി പാട്ടും നൃത്തവുമായി നഗരം 

Thursday 04 September 2025 12:03 AM IST
ഓ​ണ​ത്തോ​ടാ​നു​ബ​ന്ധി​ച്ച് ​കോ​ഴി​ക്കോ​ട് ​മി​ഠാ​യി​തെ​രു​വി​ൽ​ ​ഇ​റ​ങ്ങി​യ​ ​ഓ​ണ​പ്പൊ​ട്ട​ൻ.

കോഴിക്കോട്: തിരുവോണത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ഉത്രാടപ്പാച്ചിലിൽ നാടും നഗരവും. തെരുവോര വിപണിയെ കണ്ണീരിലാഴ്ത്തി മഴ പെയ്യുന്നുണ്ടെങ്കിലും നഗരത്തിലെവിടേയും തിരിക്കിന് കുറവില്ല. മിഠായിത്തെരുവും പാളയവും മാവൂർ റോഡുമെല്ലാം ജനത്തിരക്കിൽ വീർപ്പുമുട്ടി. വാഹനങ്ങൾ ഞെങ്ങി നിരങ്ങി നീങ്ങുന്ന കാഴ്ച. മഴയിലും ബീച്ചും സരോവരവുമെല്ലാം നിറഞ്ഞു കവിഞ്ഞു.

സർക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ബീച്ചിലും തളിയിലും ബേപ്പൂരിലും ടൗൺഹാളിലും ഇരിങ്ങൽ സർഗാലയിലുമെല്ലാം പരിപാടികളുടെ പൂരമാണ്. യുവ ഗായകൻ ഹനാൻ ഷ ലുലുമാളിൽ പാട്ടുമഴ പെയ്യിച്ചപ്പോൾ ബീച്ചിൽ നവ്യനായരും ബേപ്പൂരിൽ ആശാശരത്തും നൃത്തം കൊണ്ട് ഓണപ്പൂക്കളമിട്ടു. ജനം ആവേശത്തിൽ ആറാടുകയായിരുന്നു. ടൗൺഹാളിൽ അരങ്ങേറിയ തങ്കനാട്ടം നാടകവും ആസ്വാദകരുടെ മനം കവർന്നു.

ഇന്ന് കോഴിക്കോട് ബീച്ചിൽ ഖവാലി ബ്രദേർസും സർഗാലയയിൽ ഷഹബാസ് അമനും സംഗീതം കൊണ്ട് മാസ്മരികത തീർക്കും. മാനാഞ്ചിറയിൽ വനിത ശിങ്കാരിമേളവും ട്രൈബൽ പെർഫോമൻസും അരങ്ങോറും. അത്തം കറുത്താൽ ഓണം വെളുക്കുമെന്നാണ് പഴമൊഴിയെങ്കിലും അത്തം മുതൽ തുടങ്ങിയ മഴ തെരുവോര കച്ചവടത്തേയും പൂവിപണിയേയുമെല്ലാം സാരമായി ബാധിച്ചിട്ടുണ്ട്.