സി.പി.ആർ. വ്യാപകമാക്കിയാൽ കുഴഞ്ഞുവീണു മരണം കുറയ്ക്കാമെന്ന് ഡോക്ടർമാർ

Thursday 04 September 2025 12:19 AM IST

പാഠ്യപദ്ധതിയിലും ഉൾപ്പെടുത്തണം

കോഴിക്കോട്: അപ്രതീക്ഷിതമായുള്ള കുഴഞ്ഞുവീണ് മരണം വർദ്ധിക്കുമ്പോൾ, കൃത്യസമയത്ത് സി.പി.ആർ.നൽകാൻ ബോധവത്കരണം വ്യാപകമാക്കണമെന്ന നിർദ്ദേശവുമായി ഡോക്ടർമാർ. പാഠ്യപദ്ധതിയിലും ഉൾപ്പെടുത്തണം. കഴിഞ്ഞ ദിവസം ഓണാഘോേഷത്തിന്റെ ഭാഗമായി നൃത്തം ചെയ്യുന്നതിനിടെ വയനാട് സ്വദേശിയും നിയമസഭാ ഡെപ്യൂട്ടി ലെെബ്രേറിയനുമായ ജുനെെസ് (46) കുഴഞ്ഞുവീണ് മരിച്ചിരുന്നു. കൃത്യമായി വ്യായാമം ചെയ്യുന്നവരും കായികതാരങ്ങളും ഡോക്ടർമാർ പോലും ഇങ്ങനെ മരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തൃശൂർ വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ തക്കസമയത്ത് നൽകിയ സി.പി.ആറിലൂടെ കെ.എസ്.ഇ.ബി. ജീവനക്കാരനായ യുവാവിനെ രക്ഷിച്ചു.

ഹൃദയം സ്തംഭിക്കുകയോ ശ്വാസം നിലയ്ക്കുകയോ ചെയ്യുമ്പോൾ രക്തചംക്രമണവും ശ്വാസോച്ഛാസവും നിലനിറുത്താനാണ് സി.പി.ആർ.നൽകുന്നത്. രോഗിക്ക് ബോധമുണ്ടെങ്കിൽ വെള്ളം നൽകി ഉടൻ

ആശുപത്രിയിലെത്തിക്കണം. ബോധവും ഹൃദയമിടിപ്പുമില്ലെങ്കിൽ സി.പി.ആർ. നൽകണം.

സി.പി.ആർ (കാർഡിയോ പൾമണറി റീസസിറ്റേഷൻ)

1.രണ്ടുകൈകളും വിരലുകൾകൊണ്ട് പിണച്ചുവച്ചതിനുശേഷം നെഞ്ചിന്റെ കൃത്യം നടുക്ക് അഞ്ചുമുതൽ ഏഴു സെന്റിമീറ്റർ താഴ്ചയിൽ ശക്തിയായി അമർത്തണം. അമർത്തുന്ന ആളുടെ ഷോൾഡറുകൾ വീണയാളുടെ ശരീരത്തിന്റെ 90 ഡിഗ്രിയിലായിരിക്കണം.

2.മുപ്പതു തവണ അമർത്തിയശേഷം വായിലൂടെ രണ്ടുതവണ കൃത്രിമ ശ്വാസോച്ഛ്വാസം നൽകുക. ഒരുകൈ നെറ്റിയിലമർത്തി, മറ്റേ കൈകൊണ്ട് തല അൽപ്പം മുകളിലേക്കുയർത്തി മൂക്ക് അടച്ചുപിടിച്ചാണ് നൽകേണ്ടത്.

3.രോഗിയുടെ വായിൽനിന്ന് ഛർദ്ദിയോ, രക്തമോ വന്നിട്ടുണ്ടെങ്കിൽ തൂവാല വച്ചതിനുശേഷം അതിനുമുകളിലൂടെ ശ്വാസം നൽകണം. ഇത് അഞ്ചോ ആറോ തവണ ആവർത്തിക്കണം. തുടർന്ന് ഹൃദയമിടിപ്പുണ്ടോയെന്ന് പരിശോധിച്ച് ആശുപത്രിയിലെത്തിക്കുക.

കെ.ജി.എം.ഒയുടെ നിർദ്ദേശങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സി.പി.ആർ. നിർബന്ധിത പാഠ്യവിഷയമാക്കുക.

സംഘടനകളിലും റിസിഡൻസ് അസോസിയേഷനുകളിലും പരിശീലനം നൽകുക.

പൊതുസ്ഥലങ്ങളിലും മറ്റും ജീവൻ രക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുക.

സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സി.പി.ആർ. വീഡിയോകൾ പ്രചരിപ്പിക്കുക.

സി.പി.ആർ. പരിശീലനം വ്യാപകമാക്കിയാൽ അപ്രതീക്ഷിത ഹൃദയസ്തംഭന മരണം വലിയൊരളവിൽ കുറയ്ക്കാം.ഡോ. സുനിൽ പി.കെ, ഡോ.ജോബിൻ ജി.ജോസഫ്, കേരള.ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോ.