കോഴിക്കോട് ജില്ലയിൽ 26,54,972 വോട്ടർമാർ @ കൂടുതൽ പ്രവാസി വോട്ടർമാരുള്ളത് കോഴിക്കോട്ട്
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളുടെ അന്തിമ വോട്ടർ പട്ടികയിൽ കോഴിക്കോട് ജില്ലയിൽ 26,54,972 വോട്ടർമാർ. 12,53,480 പുരുഷൻമാരും 14,01,460 സ്ത്രീകളും 32 ട്രാൻസ്‌ജെൻഡേഴ്‌സും അടങ്ങിയതാണ് ജില്ലയിലെ വോട്ടർ പട്ടിക. ഇതിനു പുറമെ, പ്രവാസി വോട്ടർപട്ടികയിൽ ജില്ലയിൽ ആകെ 902 പേരുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാരുള്ളത് കോഴിക്കോട് ജില്ലയിലാണ്.
കരട് വോട്ടർപട്ടിക സംബന്ധിച്ച് ആഗസ്റ്റ് 12 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹിയറിംഗ് നടത്തിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ (ഇ.ആർ.ഒ) അന്തിമ വോട്ടർപട്ടിക തയ്യാറാക്കിയത്. സംക്ഷിപ്ത പുതുക്കലിനായി ജൂലായ് 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ ജില്ലയിൽ ആകെ 24,80,032 വോട്ടർമാരാണുണ്ടായിരുന്നത്. ഇതിൽ 3,31,035 വോട്ടർമാരെ പുതുതായി ചേർത്തപ്പോൾ 1,56,095 പേരെ ഒഴിവാക്കി.
വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ വാർഡുകളിലെ പോളിംഗ് സ്റ്റേഷൻ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടർപട്ടിക തയ്യാറാക്കിയത്. വോട്ടർപട്ടിക കമ്മീഷന്റെ വെബ്‌സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാർ ഒളവണ്ണയിൽ
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് ഒളവണ്ണയിൽ. 26,545 പുരുഷൻമാരും 28,555 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡറും ഉൾപ്പെടെ 55,101 വോട്ടർമാരാണ് ഒളവണ്ണ ഗ്രാമപഞ്ചായത്തിലുള്ളത്. ജില്ലയിലെ 70 പഞ്ചായത്തുകളിൽ ഏറ്റവും കുറവ് വോട്ടർമാരുള്ളത് കായണ്ണ പഞ്ചായത്തിലാണ്. 5,693 പുരുഷൻമാരും 6,025 സ്ത്രീകളും ഉൾപ്പെടെ 11,718 വോട്ടർമാരാണ് ഇവിടെയുള്ളത്. കോഴിക്കോട് കോർപറേഷനിൽ ആകെ 4,69,771 വോട്ടർമാരുണ്ട്. 2,21,533 പുരുഷൻമാരും 2,48,231 സ്ത്രീകളും ഏഴ് ട്രാൻസ്‌ജെൻഡേഴ്‌സും ഉൾപ്പെടെയാണിത്. പ്രവാസി വോട്ടർപട്ടികയിൽ കോർപറേഷനിൽ 11 പേരാണുള്ളത്. ജില്ലയിലെ ഏഴ് മുനിസിപ്പാലിറ്റികളിൽ ഏറ്റവും കൂടുതൽ വോട്ടർമാർ വടകരയിലാണ്. 29,041 പുരുഷൻമാരും 32,558 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡറും ഉൾപ്പെടെ 61,600 വോട്ടർമാരാണ് ഇവിടെയുള്ളത്. 28,486 പുരുഷൻമാരും 32,865 സ്ത്രീകളും ഉൾപ്പെടെ 61,351 വോട്ടർമാരുമായി കൊയിലാണ്ടി മുനിസിപ്പാലിറ്റിയാണ് രണ്ടാം സ്ഥാനത്ത്. ജില്ലയിൽ ഏറ്റവും കുറവ് വോട്ടർമാർ രാമനാട്ടുകര മുനിസിപ്പാലിറ്റിയിലാണ്. 14,525 പുരുഷൻമാരും 15,888 സ്ത്രീകളും ഉൾപ്പെടെ 30,413 വോട്ടർമാരാണ് ഇവിടെയുള്ളത്. ജില്ലയിൽ ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാരുള്ളത് ആയഞ്ചേരി പഞ്ചായത്തിലാണ് 174 പേർ. 146 പേരുമായി പുറമേരി പഞ്ചായത്താണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള മണിയൂർ പഞ്ചായത്തിൽ 75 പ്രവാസി വോട്ടർമാരാണുള്ളത്.