സംഭരിച്ച നെല്ലിന്റെ വില കൊടുത്തു തീർക്കും: മന്ത്രി ജി.ആർ.അനിൽ

Wednesday 03 September 2025 11:24 PM IST

തിരുവനന്തപുരം: നെല്ല് സംഭരണ പദ്ധതി പ്രകാരം കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില പൂർണ്ണമായും കൊടുത്തു തീർക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി.ആർ അനിൽഅറിയിച്ചു.

202425 സംഭരണ വർഷത്തിൽ 2,07143 കർഷരിൽ നിന്നായി ആകെ സംഭരിച്ച നെല്ലിന്റെ വിലയായ 1645 കോടിയിൽ 1399 കോടിയും നൽകിയിട്ടുണ്ട്. 10,568 കർഷകർക്കായി 246 കോടി രൂപയാണ് നൽകാനുള്ളത്. സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന ബോണസ് ഇനത്തിൽ ഏറ്റവും ഒടുവിലായി 113 കോടി രൂപ കൂടി അനുവദിച്ചിരുന്നു. എന്നാൽ കേന്ദ്രം എം.എസ്.പി ഇനത്തിലുള്ള തുക അനുവദിക്കാത്തതിനാലാണ് അവശേഷിക്കുന്ന കർഷകർക്ക് സംഭരണ വില കൊടുക്കുന്നതിന് കാലതാമസം നേരിട്ടത്.

സപ്ലൈകോ മാനേജിംഗ് ഡയറക്ടർ നാല് ദിവസമായി ഡൽഹിയിൽ, കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുമായി നേരിൽകണ്ട് നടത്തിയ ശ്രമങ്ങൾക്കൊടുവിൽ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ എം.എസ്.പി അംഗീകരിച്ചിട്ടുണ്ട്. ഓണം അവധിക്ക് ശേഷമുള്ള ബാങ്ക് പ്രവൃത്തി ദിവസങ്ങളിൽ കർഷകർക്ക് തുക ലഭ്യമാക്കുവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു .