ചെവിക്കല്ല് തകർത്ത് പൊലീസ് ക്രൂരത , ദൃശ്യങ്ങൾ രണ്ടു വർഷത്തിനുശേഷം നിയമപോരാട്ടത്തിലൂടെ  പുറത്ത്

Thursday 04 September 2025 12:33 AM IST

 കുന്നംകുളം സ്റ്റേഷനിൽ കൊടിയ മർദ്ദനമേറ്റത് യൂത്ത് കോൺ.നേതാവിന്

 വ്യാജകേസിൽ ജയിലിലടയ്ക്കാനും ശ്രമിച്ചു

തൃശൂർ: ഒരു തെറ്റും ചെയ്യാത്ത യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിൽ കൊണ്ടുപോയി അതിക്രൂരമായി മർദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ രണ്ടു വർഷത്തിനുശേഷം പുറത്തുവന്നതോടെ പൊലീസിന്റെ മുഖം വികൃതമെന്ന് വീണ്ടും വ്യക്തമായി. ദൃശ്യങ്ങൾ ഇരയ്ക്ക് നൽകാൻ വിവരാവകശാ കമ്മിഷൻ ഉത്തരവിട്ടതോടെയാണ് പുറംലോകം അതു കണ്ടത്.

മദ്യപിച്ചു പ്രശ്‌നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന് വ്യാജ എഫ്.ഐ.ആർ ഉണ്ടാക്കി റിമാൻഡ് ചെയ്യാൻ ശ്രമിച്ചത് പൊലീസ് നടത്തുന്ന നിയമലംഘനങ്ങളുടെ മറ്റൊരു തെളിവായി.

ക്ഷേത്ര പൂജാരിയുംയൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റുമായ സുജിത്തിനാണ് ‌കൊടിയ മർദ്ദനം ഏറ്റത്. സുജിത്തിന് കേൾവിത്തകരാർ സംഭവിച്ചു. 2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം.

വഴിയരികിൽ നിൽക്കുകയായിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ചോദ്യം ചെയ്തതോടെ, കുന്നംകുളത്തെ അന്നത്തെ എസ്.ഐ നുഹ്‌മാൻ ജീപ്പിൽ സ്റ്റേഷനിലെത്തിച്ചു.

എസ്.ഐയും സി.പി.ഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരും വളഞ്ഞിട്ട് മർദ്ദിച്ചു. കുനിച്ചുനിറുത്തി സുജിത്തിന്റെ പുറത്തും മുഖത്തുമടക്കം അടിച്ചു.

വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

പൊലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയെങ്കിലും കേസെടുക്കാനോ നടപടി സ്വീകരിക്കാനോ പൊലീസ് തയ്യാറായില്ല. കോടതി നിർദ്ദേശപ്രകാരം പൊലീസുകാർക്ക് എതിരെ എടുത്ത കേസ് വിചാരണ ഘട്ടത്തിലാണിപ്പോൾ.

നാണക്കേട് മാറ്റാൻ

നടപടിക്ക് സാദ്ധ്യത

 അന്ന് ശിക്ഷാ നടപടി രണ്ട് ഇക്രിമെന്റ് തടയുന്നതിലും സ്ഥലമാറ്റത്തിലും ഒതുക്കിയിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ, ഇന്നലെ ഡി.ഐ.ജി എസ്.ഹരിശങ്കർ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. കടുത്ത നടപടി സ്വീകരിച്ചേക്കും. എന്നാൽ, നടപടികൾ ശുപാർശ ചെയ്തിട്ടില്ലെന്ന് ഡി.ഐ.ജി. പറഞ്ഞു. പരാതി ഉയർന്നപ്പോൾ നടപടിയെടുത്തെന്നാണ് പറയുന്നത്. എസ്.ഐ വിയ്യൂരിലും രണ്ട് സി.പി.ഒമാർ തൃശൂർ ഈസ്റ്റ്, മണ്ണുത്തി സ്റ്റേഷനുകളിലുമാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.

 സുജിത്ത് പരാതി നൽകിയതിനെ തുടർന്ന് 2023ൽ ക്രൈം റെക്കാഡ്‌സ് ബ്യൂറോ അസി. കമ്മിഷണർ ആയിരുന്ന കെ.സി.സേതു അന്വേഷണം നടത്തി സിറ്റി പൊലീസ് കമ്മിഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മർദ്ദിക്കുന്നതിന് തെളിവായി സി.സി.ടി.വി ദൃശ്യങ്ങൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ദൃശ്യത്തിന് 2 വർഷത്തെ

നിയമപോരാട്ടം

അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിക്കാൻ വിവരാവകാശ നിയമപ്രകാരം രണ്ടു വർഷം മുമ്പ് അപേക്ഷ നൽകിയിരുന്നെങ്കിലും പൊലീസ് പല കാരണങ്ങൾ പറഞ്ഞ് തടഞ്ഞു. ഉത്തരവിട്ടിട്ടും ദൃശ്യം നൽകാതിരുന്നപ്പോൾ, വിവരാവകാശ കമ്മിഷണർ സോണിച്ചൻ ജോസഫ് പൊലീസിനെയും സുജിത്തിനെയും നേരിട്ട് വിളിച്ചുവരുത്തി വാദം കേട്ടു. സി.സി.ടി.വി ദൃശ്യം നൽകാൻ കർശന നിർദ്ദേശം നൽകിയതോടെയാണ് പൊലീസ് കഴിഞ്ഞ ദിവസം കൈമാറിയത്.

കേൾവിത്തകരാർ

പൊലീസിന്റെ ക്രൂരമർദ്ദനം കേൾവി തകരാറിലാക്കിയെന്ന് സുജിത്ത് പറഞ്ഞു. കാണിപ്പയ്യൂർ വലിയപറമ്പിൽ സുരേഷിന്റെ മകനായ സുജിത്ത് പഴഞ്ഞി മുതിരംപറമ്പത്ത് ക്ഷേത്രത്തിൽ പൂജാരിയാണ്. സംഭവത്തെക്കുറിച്ച് സുജിത്ത് കേരളകൗമുദിയോട് വിവരിച്ചു: വീട്ടിനടുത്തുള്ള ചെറുപ്പക്കാരെ പൊലീസ് പിടികൂടിയപ്പോൾ കാര്യമെന്താണെന്ന് ചോദിച്ചു. പൊലീസുമായി തർക്കമായപ്പോൾ എന്നെ പിടിച്ചു കൊണ്ടുപോയി. കമ്പ്യൂട്ടർ വെച്ചിട്ടുള്ള സ്റ്റേഷനിലെ മുറിയിൽ കുനിച്ചുനിറുത്തി മുട്ടുകൈകൊണ്ട് ഇടിച്ചു. ചെവിയിലും പുറത്തും ശക്തിയായി തല്ലി. ചെവിയിൽ ശക്തമായ വേദനയായിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോൾ ഗവ.മെഡിക്കൽ കോളേജിലുൾപ്പെടെ പരിശോധിച്ചു. ഇപ്പോഴും കേൾവിക്കുറവുണ്ട്.