ഓണപൂജയ്ക്ക് ശബരിമല നട തുറന്നു
Thursday 04 September 2025 12:50 AM IST
ശബരിമല: ഓണപൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടർന്ന് പതിനെട്ടാം പടിയിറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി പകർന്നു. ഇന്നു പുലർച്ചെ അഞ്ചിന് നടതുറക്കും. ഇന്നു മുതൽ സന്നിധാനത്ത് ഓണസദ്യ ഉണ്ടായിരിക്കും.
ഇന്ന് മേൽശാന്തിയും തിരുവോണ ദിനമായ നാളെ ദേവസ്വം ജീവനക്കാരും അവിട്ടം നാളിൽ സന്നിധാനത്ത് ഡ്യൂട്ടി നോക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുമാണ് സദ്യ നടത്തുന്നത്. പൂജകൾ പൂർത്തിയാക്കി ഏഴിന് രാത്രി 8.50ന് ദേവനെ ഭസ്മ വിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയുമണിയിച്ച് യോഗനിദ്രയിലാക്കും. രാത്രി 9ന് നടയടയ്ക്കും. 9.50 മുതൽ ചന്ദ്രഗ്രഹണം ആരംഭിക്കുന്നതിനാൽ താന്ത്രിക നിർദ്ദേശപ്രകാരമാണ് ഒരു മണിക്കൂർ നേരത്തെ നടയടയ്ക്കുന്നത്.