കന്യാസ്ത്രീകൾക്കെതി​രായ ആക്രമണം ഇന്ന് ഛത്തീസ്ഗഢിൽ സി.പി.ഐ ധർണ

Thursday 04 September 2025 1:00 AM IST

ന്യൂഡൽഹി: ഛത്തീസ്ഗഢിലെ ദുർഗിൽ മലയാളി കന്യാസ്ത്രീകളെ ആക്രമിച്ചവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി​ സി.പി.ഐ ഇന്ന് നാരായൺപൂർ കളക്ടേറേറ്റിന് മുന്നിൽ ധർണ നടത്തും. ധർണയ്ക്കുശേഷം ഛത്തീസ്ഗഢ് ഗവർണർക്ക് നിവേദനം നൽകും. ഛത്തീസ്ഗഢിൽ ആർ.എസ്.എസ്-ബി.ജെ.പി-വി.എച്ച്.പി-ബജ്‌റംഗ്‌ദൾ കൂട്ടുകെട്ട് ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധി​ക്കാനാണ് ധർണയെന്ന് സി​.പി​.എം രാജ്യസഭാ നേതാവ് പി​. സന്തോഷ് കുമാർ പറഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.സജി, ജില്ലാ സെക്രട്ടറി ഫൂൽ സിംഗ് കച്‌ലാം തുടങ്ങിയവർ ധർണയ്ക്ക് നേതൃത്വം നൽകും. ജൂലായ് 27നാണ് ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെയും ഗോത്രവർക്കാരും നാരായൺപൂർ സ്വദേശികളുമായ മൂന്ന് പെൺകുട്ടികളെയും ബജ്‌റംഗ്ദൾ പ്രവർത്തകർ തടഞ്ഞുവയ്ക്കുകയും ആക്രമിക്കുകയും ചെയ്തത്. തുടർന്ന് പൊലീസെത്തി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 9 ദിവസത്തിനുശേഷമാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്.