ശബരിമല ശ്രദ്ധേയമായ ആരാധനാകേന്ദ്രം: എം.വി. ഗോവിന്ദൻ

Thursday 04 September 2025 2:12 AM IST

ശ്രീകാര്യം: ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ആരാധനാകേന്ദ്രമാണ് ശബരിമലയെന്നും വിശ്വാസികളോട് ഒപ്പം നിന്ന് ആഗോള അയ്യപ്പ സംഗമം നടത്താൻ പാർട്ടിയുടെ പിന്തുണ ഉണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കി. ശ്രീകാര്യം ചെമ്പഴന്തിയിൽ രക്തസാക്ഷി അജയ് ദിനാചരണവും സ്മാരകമന്ദിരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിശ്വാസികളോട് ഇപ്പോൾ മാത്രമല്ല എല്ലാക്കാലത്തും പിന്തുണയുണ്ടായിരുന്നു. വിശ്വാസികളെല്ലാം വർഗീയവാദികളല്ല. വിശ്വാസം ഒരു ഉപകരണമായി ഉപയോഗിച്ച് രാഷ്ട്രീയ താത്പര്യത്തിലൂടെ അധികാരത്തിൽ എത്താനുള്ള ചവിട്ടുപടിയായി ഉപയോഗിക്കുകയാണ് ചിലർ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ക്രിമിനൽ സംവിധാനത്തിന്റെ ഭാഗമായിട്ടുള്ള വിവരങ്ങൾ കൂടി പുറത്തുവരാൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി. ജോയി എം .എൽ .എ, എം.വിജയകുമാർ, എ.എ.റഹീം എം.പി, സി. ലെനിൻ, എസ്. പി.ദീപക്,ഡി. രമേശൻ, പി.എസ്.സഞ്ജീവ്, ഷിജുഖാൻ, എം.എ, നന്ദൻ, വി ജയപ്രകാശ്, അരുൺ വട്ടവിള, പ്രബല്യൻ തുടങ്ങിയവർ സംസാരിച്ചു.