കേരള ഗ്രാമീണ ബാങ്കിൽ 625 ഒഴിവുകൾ

Thursday 04 September 2025 1:44 AM IST

മലപ്പുറം: കേരള ഗ്രാമീൺ ബാങ്ക് 2025-26 വർഷത്തേക്കുള്ള വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയയ്ക്ക് തുടക്കം കുറിച്ചതായി ബാങ്ക് മാനേജ്‌മെന്റ് അറിയിച്ചു. റിക്രൂട്ട്‌മെന്റ് പ്രക്രിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പെർസണൽ സെലക്ഷൻ മുഖേന അഖിലേന്ത്യാ തലത്തിലാവും നടത്തുക. 635 ബ്രാഞ്ചുകളുള്ള കേരള ഗ്രാമീണ ബാങ്കിൽ, ഓഫീസർ സ്‌കെയിൽ ഒന്ന് തസ്തികയിലേക്ക് 250, സ്‌കെയിൽ രണ്ട് തസ്തികയിലേക്ക് 25, ഓഫീസ് അസിസ്റ്റന്റ് (ക്ലറിക്കൽ) തസ്തികയിലേക്ക് 350 ഒഴിവുകളാണ് നിലവിലുള്ളത്. ഓഫീസർ സ്‌കെയിൽ ഒന്ന് തസ്തികയിലേക്കും ഓഫീസ് അസിസ്റ്റന്റ് (ക്ലർക്ക്) തസ്തികയിലേക്കും അപേക്ഷിക്കാൻ അംഗീകൃത സർവകലാശാല ബിരുദമാണ് മിനിമം യോഗ്യത. ഓഫീസർ സ്‌കെയിൽ രണ്ട് തസ്തികയ്ക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 50% മാർക്കോട് കൂടിയ ബിരുദവും, ബാങ്കിലോ അംഗീകൃത നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനത്തിലോ രണ്ടുവർഷം വരെയുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. വിവരങ്ങൾ ഐ.ബി.പി.എസ് വെബ്‌സൈറ്റിൽ ലഭിക്കും. https://www.ibps.in/index.php/rural-bank-xiv/.