ശ്രീനാരായണ ട്രോഫി ജലോത്സവം ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ കന്നേറ്റി കായലിൽ നടക്കുന്ന 85-ാമത് ശ്രീനാരായണ ട്രോഫി ജലോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയാവുന്നു. ജയന്തി ദിനമായ 7നാണ് ജലോത്സവം. മത്സരത്തിൽ ചുണ്ടൻ, തെക്കനോടി വെപ്പ് വള്ളങ്ങൾ പങ്കെടുക്കും. 7ന് രാവിലെ 9ന് ശ്രീനാരായണ ഗുരു പവലിയനിൽ ജലോത്സവ കമ്മിറ്റി ചെയർമാൻ പതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.
ഉച്ചക്ക് 2 ന് ആരംഭിക്കുന്ന പൊതുസമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാലും ജലോത്സവം മന്ത്രി ജെ.ചിഞ്ചുറാണിയും ഉദ്ഘാടനം ചെയ്യും. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. മാസ് ഡ്രിൽ സല്യൂട്ട് ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ സ്വീകരിക്കും. തുടർന്ന് ജനൽ ക്യാപ്ടൻ എസ്.പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ ജലഘോഷയാത്രയും മത്സര വള്ളംകളിയും ആരംഭിക്കും. ജില്ലാ കളക്ടർ എൻ.ദേവിദാസ്, സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ, ഐ.ആർ.ഇ.എൽ യൂണിറ്റ് ഹെഡ് എൻ.എസ്.അജിത്ത് എന്നിവർ മുഖ്യാതിഥികളായിരിക്കും. മത്സരങ്ങളിൽ വിജയിക്കുന്ന വള്ളങ്ങൾക്കുള്ള സമ്മാനങ്ങൾ മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ വിതരണം ചെയ്യും. ക്യാഷ് പ്രൈസ് പാലക്കോട്ട് ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടർ പി.എൻ.സുരേഷ് വിതരണം ചെയ്യും. സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ സി.ആർ.മഹേഷ് എം.എൽ.എ, ഡിവിഷൻ കൗൺസിലർ ശാലിനി രാജീവൻ, ജനറൽ ക്യാപ്ടൻ എസ്.പ്രവീൺകുമാർ, വൈസ് ചെയർമാൻ എൻ.അജയകുമാർ, ഷാജി കുളച്ചവരമ്പേൽ, മുരളീധരൻ പഞ്ഞിവിളയിൽ, സരിത അജിത്ത്, സുരേഷ് കൊട്ടുകാട് എന്നിവർ പങ്കെടുത്തു.