അദാലത്തിലും തീരാതെ ഫയലുകൾ;നടപടി തുടരും
തിരുവനന്തപുരം: ജൂലായ് മുതൽ ആഗസ്റ്റ് വരെ ഫയൽ അദാലത്ത് നടത്തിയിട്ടും തീർപ്പായത് 59% മാത്രം. സെക്രട്ടേറിയറ്റിൽ 52% . ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ കെട്ടികിടക്കുന്ന 3,05,555ഫയലുകളിൽ 1,58,336എണ്ണം മാത്രമാണ് പൂർത്തിയാക്കാനായത്.ഫയലുകൾ കെട്ടിക്കിടക്കുന്നതിൽ ഇന്നലെ ചേർന്ന മന്ത്രിസഭ അതൃപ്തി പ്രകടിപ്പിച്ചു.ആഗസ്റ്റ് 31ന് തീർന്ന അദാലത്തിന്റെ നടപടികൾ തുടരാൻ നിർദേശം നൽകി. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും മന്ത്രിമാരും നിശ്ചിത ഇടവേളകളിൽ നടപടികൾ പരിശോധിക്കണം. അദാലത്തിനായി തുടങ്ങിയ സംവിധാനങ്ങൾ തുടരാനും നിർദ്ദേശിച്ചു. പൊതുജനങ്ങൾക്ക് മനസിലാകുന്ന തരത്തിൽ അപേക്ഷകളുടെ വിവരങ്ങളും തീർപ്പാക്കുന്നതിന്റെ പുരോഗതിയും ഉൾപ്പെടുത്തി പ്രത്യേക പോർട്ടൽ തുടങ്ങാനും മന്ത്രിസഭ നിർദ്ദേശിച്ചു.സർക്കാരിന് നൽകിയ അപേക്ഷയുടെ സ്ഥിതി എന്താണെന്ന് മൂന്ന് മാസത്തിനുളളിൽ പരാതിക്കാരനെ അറിയിച്ചിരിക്കണമെന്ന പുതിയ വ്യവസ്ഥ കൊണ്ടുവരാനും മന്ത്രിസഭ ആവശ്യപ്പെട്ടു. ഇവ ഉൾപ്പെടുത്തി പതിനാറിന നിർദ്ദേശങ്ങൾ മന്ത്രിസഭ പുറത്തിറക്കി. ജൂലായ് മാസം മുതലുള്ള പുതിയ അപേക്ഷകളും അദാലത്ത് നടപടിയിലേക്ക് ചേർക്കാനുള്ള നടപടികളെടുക്കാൻ ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.