വയോജന കമ്മിഷൻ സ്ഥാനമേറ്റു
തിരുവനന്തപുരം: വയോജന കമ്മിഷൻ പ്രവർത്തനമാരംഭിക്കുന്നതിലൂടെ സർക്കാരിന്റെയും സമൂഹത്തിന്റെയും വയോജന സംരക്ഷണമെന്ന ഉത്തരവാദിത്തം ഉറപ്പാകുകയാണെന്ന് മന്ത്രി ആർ.ബിന്ദു. സംസ്ഥാന വയോജന കമ്മിഷൻ സ്ഥാനമേൽക്കൽ ചടങ്ങ് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മന്ത്രി ഒ.ആർ.കേളു മുഖ്യതിഥിയായി. മുൻ രാജ്യസഭാംഗം കെ.സോമപ്രസാദ് ചെയർപേഴ്സണായ അഞ്ചംഗ കമ്മിഷനാണ് സ്ഥാനമേറ്റത്. സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ,ഗ്രന്ഥകാരനും സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വർക്കിംഗ് പ്രസിഡന്റുമായ കെ.എൻ.കെ നമ്പൂതിരി,വനിതാ കമ്മിഷൻ മുൻ അംഗം ഇ.എം.രാധ,റിട്ട. കോളേജ് അദ്ധ്യാപകൻ പ്രൊഫ.ലോപസ് മാത്യു എന്നിവരാണ് കമ്മിഷനംഗങ്ങൾ.
ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷനായി. ജോബ് മൈക്കിൾ എം.എൽ എ,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,സബ് കളക്ടർ ആൽഫ്രഡ് ഒ.വി,സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ള,സാമൂഹ്യനീതി ഡയറക്ടർ അരുൺ.എസ്.നായർ എന്നിവർ പങ്കെടുത്തു.