നാടാകെ ഓണം വൈബ്

Thursday 04 September 2025 12:52 AM IST

കൊല്ലം: നാടാകെ ഓണലഹരിയിലാണ്. സ്വകാര്യ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും ഇന്നലെയും ഓണാഘോഷങ്ങൾ പൊടിപൊടിച്ചു. ക്ലബുകളുടെയും സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലുള്ള ആഘോഷ പരിപാടികളും നാടാകെ ആരംഭിച്ചു.

നിരത്തുകളിൽ നിറയെ സെറ്റ് സാരിയും സെറ്റ് മുണ്ടുമൊക്കെ ധരിച്ച യുവതീ യുവാക്കളാണ്. വലിയൊരു വിഭാഗമാളുകൾക്ക് ബോണസും ഉത്സവബത്തയുമൊക്കെ കിട്ടിക്കഴിഞ്ഞു. അതുമായി ജനങ്ങൾ വിപണയിലേക്ക് ഒഴുകുകയാണ്. പ്രധാന ജംഗ്ഷനുകളിലുള്ള ഓണമേളകളിലും ജനങ്ങൾ തിക്കിത്തിരക്കുന്നു. വ്യാപാര സ്ഥാപനങ്ങളിൽ രാവിലെ മുതൽ രാത്രി വരെ വൻ തിരക്കാണ്. ടെക്സ്റ്റൈൽസുകളിലാണ് വൻ തിരക്ക്. പല സ്ഥാപനങ്ങളിലും പ്രവർത്തന സമയം രാത്രി 12 വരെ നീട്ടിയിട്ടുണ്ട്. ഓണസദ്യക്കുള്ള വിഭവങ്ങൾ വാങ്ങാൻ പലചരക്ക് കടകളിലും സൂപ്പർമാർക്കറ്റുകളിലും പച്ചക്കറി കടകളിലും വൻ തിരക്കാണ്. വഴിയോര കച്ചവടക്കാരുടെയും കീശ നിറയുകയാണ്.

ഇന്ന് ഉത്രാടപ്പാച്ചിൽ

ഓണക്കോടിയും ഉറ്റവർക്കുള്ള ഓണസമ്മാനങ്ങൾക്കും പുറമേ ഓണസദ്യക്കുള്ള വിഭവങ്ങളും വാങ്ങാൻ ഇന്ന് ജനം കൂട്ടത്തോടെ വിപണയിലേക്ക് ഇറങ്ങും. ഇതോടെ ഇന്ന് രാവിലെ മുതൽ തന്നെ വ്യാപാര സ്ഥാപനങ്ങളും വഴിയോരങ്ങളും ജനങ്ങളാൽ നിറയും. പ്രധാന ജംഗ്ഷനുകളിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ഇന്ന് അർദ്ധരാത്രി കഴിഞ്ഞും നീളും.

ഇമചിമ്മാതെ പൊലീസ്

ഓണത്തിരക്കിനിടയിൽ പിടിച്ചുപറി, പോക്കറ്റടി, അക്രമ സംഭവങ്ങൾ ഒഴിവാക്കാൻ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. തിരക്കേറിയ ജംഗ്ഷനുകളിൽ കൂടുതൽ പൊലീസുകാരെ പട്രോളിംഗിന് നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമേ ജംഗ്ഷനുകളിലും ബസ് സ്റ്റോപ്പുകളിലും റെയിൽവേ സ്റ്റേഷനുകളിലും വനിതകളടക്കമുള്ള ഷാഡോ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.