വിദേശ മദ്യ നികുതി കുറയ്ക്കൽ , മിണ്ടാട്ടമില്ലാതെ ധനവകുപ്പ്
തിരുവനന്തപുരം:ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വില്പന നികുതിയിൽ കുറവ് വരുത്തണമെന്ന ഡിസ്റ്റിലറി ഉടമകളുടെ ആവശ്യത്തിൽ മിണ്ടാട്ടമില്ലാതെ നികുതി വകുപ്പ്. അഞ്ച് മാസങ്ങൾക്ക് മുമ്പാണ് ടാക്സ് 251 ശതമാനത്തിൽ നിന്ന് 180 ശതമാനമായി കുറയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് മദ്യനിർമ്മാതാക്കൾ സർക്കാരിന് നിവേദനം നൽകിയത്. ഇത് നികുതി വകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടെങ്കിലും തീരുമാനമെടുക്കാതെ മാറ്രിവച്ചിരിക്കുകയാണ്. നികുതി കുറവ് വരുത്തിയാൽ വില്പനയിലും വരുമാനത്തിലും നല്ല വർദ്ധനയുണ്ടാവുമെന്ന നിലപാട് സംസ്ഥാന ബെവറേജസ് കോർപ്പറേഷനും സർക്കാരിനെ അറിയിച്ചിട്ടുള്ളതാണ്.
രാജ്യത്ത് ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ഏറ്റവും വലിയ നികുതി ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. ഓരോ ബഡ്ജറ്റിലും മദ്യനികുതിയിൽ വർദ്ധന വരുത്തുകയെന്നതാണ് കേരളത്തിന്റെ രീതി.കഴിഞ്ഞ സാമ്പത്തിക വർഷം 19,700 കോടിയുടെ വിറ്റുവരവാണ് ബെവ്കോ നേടിയത്. 17,000 കോടിയിലധികമാണ് നികുതി ഇനത്തിൽ സർക്കാരിന് ലഭിച്ചത്. സർക്കാരിന്റെ മുഖ്യ വരുമാന സ്രോതസുകളിലൊന്നെന്ന തരത്തിലാണ് മദ്യത്തിന്റെ നികുതിയിൽ അടിക്കടി വർദ്ധന വരുത്തുന്നത്. ഇന്നാൽ ഈ വിലവർദ്ധന വലിയൊരു ശതമാനത്തിനെ, പ്രത്യേകിച്ച് താഴ്ന്ന വരുമാനത്തിൽപ്പെട്ടവരെ മദ്യത്തിൽ നിന്ന് അകറ്റുമെന്നാണ് മദ്യകമ്പനികളുടെ വാദം.
നികുതി നിരക്കിൽ കുറവ് വരുത്തിയാൽ മദ്യത്തിന് വില കുറയുകയും വില്പനയിൽ അതിനനുസരണമായ വർദ്ധന ഉണ്ടാവുമെന്നും അവർ സർക്കാരിന് നൽകിയ കണക്കുകളിൽ വ്യക്തമാക്കുന്നു.
ഹെർക്കുലീസ് ക്ളാസിക്ക് റം ഫുൾ ബോട്ടിലിന് (750 മില്ലി) വെയർഹൗസിൽ നിന്ന് ചില്ലറ വില്പന ശാലയിൽ എത്തുമ്പോഴുള്ള വില 253.56 രൂപയാണ്. ഇതിനൊപ്പം നികുതി ഇനത്തിൽ 636.44 രൂപയും 20 രൂപ സെസും കൂടി ചേരുമ്പോൾ മദ്യം വാങ്ങുന്നവരിൽ നിന്ന് ഈടാക്കുന്ന തുക 910 രൂപയായി ഉയരും. ഈ രീതിയിലാണ് മദ്യത്തിന് കൊള്ളവിലയാവുന്നത്. തമിഴ്നാട്ടിൽ220 ഉം കർണാടകത്തിൽ 100 ഉം ശതമാനം നികുതി ഈടാക്കുമ്പോഴാണ് ഇവിടെ 251 ശതമാനം ഈടാക്കുന്നത്.
മദ്യത്തിന്റെ നികുതി ഇപ്പോഴത്തേതിൽ നിന്ന് കുറച്ചാൽ വില്പന നല്ല നിലയ്ക്ക് വർദ്ധിക്കാനാണ് സാദ്ധ്യത. നികുതി വരുമാനത്തിൽ കുറവും വരില്ല. സർക്കാരിന്റെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്തിയിട്ടുണ്ട്.
ഹർഷിത അട്ടല്ലൂരി
സി.എം.ഡി, ബെവ്കോ