ശമ്പളമില്ലാതെ ട്രാൻ. ബദലി ജീവനക്കാർ

Thursday 04 September 2025 12:53 AM IST
ട്രാൻ.

കൊല്ലം: കെ.എസ്.ആർ.ടി.സി ബദലി ജീവനക്കാർക്ക് ഓണം ആഘോഷിക്കാൻ ഇതുവരെ കിട്ടിയത് ഉത്സവ അലവൻസായി അനുവദിച്ച ആയിരം രൂപ മാത്രം. സ്ഥിരം ജീവനക്കാർക്ക് 31ന് ശമ്പളം ലഭിച്ചെങ്കിലും ഓണം പടിവാതിക്കലെത്തിയിട്ടും ബദലി ജീവനക്കാർക്ക് കഴിഞ്ഞമാസത്തെ പകുതി ശമ്പളം പോലും ലഭിച്ചിട്ടില്ല. നേരത്തെ സ്ഥിരം ജീവനക്കാർക്ക് ശമ്പളം വൈകുമ്പോഴും ബദലി ജീവനക്കാർ മാസാദ്യം പകുതി ശമ്പളം കിട്ടുമായിരുന്നു. പിന്നീടത് ദിവസങ്ങൾ നീണ്ടു. കഴിഞ്ഞമാസം പകുതിയോടെയാണ് പകുതി ശമ്പളം കിട്ടിയത്. ഇന്ന് കൂടി ശമ്പളം ലഭിച്ചില്ലെങ്കിലും ബദലി ജീവനക്കാരുടെ ഓണം കുളമാകും. 14000 മുതൽ 28000 രൂപ വരെയാണ് ദിവസവേതനക്കാരായ ബദലി ജീവനക്കാർക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പളം.