കാസർകോടും വയനാടും മെഡി.കോളേജ്: നൂറ് സീറ്റിൽ എം.ബി.ബി.എസ് പ്രവേശനം; അദ്ധ്യാപകർ ഇല്ലാത്തത് പ്രതിസന്ധി

Thursday 04 September 2025 12:56 AM IST

തിരുവനന്തപുരം : വയനാട്, കാസർകോട് മെഡിക്കൽ കോളേജുകൾക്ക് നാഷണൽ മെഡിക്കൽ കമ്മിഷൻ അനുമതി നൽകിയതോടെ രണ്ടിടത്തുമായി 100 വിദ്യാർത്ഥികൾക്ക് സർക്കാർ ഫീസിൽ മെഡിസിൻ പഠനം സാദ്ധ്യമാകും. എന്നാൽ, മറ്റ് മെഡിക്കൽ കോളേജുകളിലെ അദ്ധ്യപകരെ താത്കാലികമായി സ്ഥലം മാറ്റിയാണ് അനുമതി നേടിയെടുത്തതെന്നും പുതിയ കോളേജുകളിൽ ആവശ്യമായ അദ്ധ്യാപക തസ്തികകൾ ഇതുവരെ സൃഷ്ടിച്ചിട്ടില്ലെന്നും കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) ചൂണ്ടിക്കാട്ടി.

കാസർകോട് മെഡിക്കൽ കോളേജിൽ 50അദ്ധ്യാപക തസ്തികകളും എട്ട് സീനിയർ റെസിഡന്റ് തസ്തികകളും, വയനാട് മെഡിക്കൽ കോളേജിൽ 17അദ്ധ്യാപക തസ്തികകളും 10സീനിയർ റെസിഡന്റ് തസ്തികകളും സൃഷ്ടിക്കണം. വയനാട് മെഡിക്കൽ കോളേജിലേക്ക് 19 അദ്ധ്യാപകരെയും കാസർകോട് മെഡിക്കൽ കോളേജിലേക്ക് 38 അദ്ധ്യാപകരെയും താത്കാലികമായി സ്ഥലം മാറ്റിയാണ് അനുമതി വാങ്ങിയത്. പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിലേക്ക് ആറ് അദ്ധ്യാപകരെയും സ്ഥലം മാറ്റി.

ഇതോടെ പഴയ മെഡിക്കൽ കോളേജുകളിൽ അദ്ധ്യപക ക്ഷാമം രൂക്ഷമായി. അവിടുത്തെ പി.ജി കോഴ്സുകളുടെ അംഗീകാരം നഷ്ടപ്പെടാൻ ഇത് വഴിയൊരുക്കുമെന്ന മുന്നറിയിപ്പും കെ.ജി.എം.സി.ടി.എ നൽകുന്നു.

എല്ലാ ജില്ലയിലും മെഡിക്കൽ,

നഴ്സിംഗ് കോളേജുകൾ

വയനാട്,കാസർകോട് മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം ലഭിച്ചതോടെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജ് എന്ന ചരിത്ര നേട്ടം കേരളത്തിന് സ്വന്തമായെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

ഈ സർക്കാരിന്റെ കാലത്ത് സർക്കാർ, സർക്കാരിതര മേഖലകളിലായി 21 നഴ്സിംഗ് കോളേജുകളും ആരംഭിച്ചു. സർക്കാർ മേഖലയിലെ 478 ബി.എസ്.സി. നഴ്സിംഗ് സീറ്റുകൾ 1060 ആയി വർദ്ധിപ്പിച്ചു. ആകെ 10300 ലധികം ബി.എസ്.സി. നഴ്സിംഗ് സീറ്റുകളാണ് നിലവിലുള്ളത്.

വയനാട്, കാസർകോട് മെഡിക്കൽ കോളേജുകളിൽ കഴിവതുംവേഗം വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും.

-വീണാ ജോർജ്

ആരോഗ്യമന്ത്രി