ആഘോഷം ഇങ്ങ് കേരളത്തിൽ ,​ പണം കൊയ്യുന്നത് ആന്ധ്രയും തമിഴ്നാടും കർണാടകയും

Thursday 04 September 2025 1:53 AM IST

കോട്ടയം : ഓണനാളിലും പച്ചക്കറി വില പിടിവിട്ട് കുതിച്ചുയർന്നതോടെ സാധാരണക്കാർ അന്ധാളിച്ച് നിൽക്കുകയാണ്. മലയാളികൾക്ക് ഒഴിച്ചുകൂടാനാകാത്ത ഓണസദ്യ ഇത്തവണ കൈപൊള്ളുമെന്നുറപ്പ്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് നാടൻ പച്ചക്കറികൾ വിപണിയിൽ നിന്ന് അപ്രത്യക്ഷമായതോടെ മറുനാടനാണ് ആശ്രയം. എത്ര വില കയറിയാലും ജനം സദ്യയ്‌ക്ക് വിഭവങ്ങൾ ഒന്നും കുറയ്ക്കില്ലെന്ന് അറിയാവുന്നതിനാൽ ഇന്നലെ മുതൽ വില കുത്തനെ വർദ്ധിപ്പിച്ചെന്നാണ് ആക്ഷേപം. സർക്കാർ ഇടപെടലിനെ തുടർന്ന് വെളിച്ചെണ്ണയുടെയും, തേങ്ങയുടെയും വിലയിടിഞ്ഞത് മാത്രമാണ് ആശ്വാസം. പയറിനും കൂർക്കയ്ക്കുമാണ് ഉയർന്ന വില. ആഴ്ചകളായി വില 120 രൂപയിൽ തുടരുകയാണ്. സാധാരണയായി ഓണത്തിന് മൂന്നോ നാലോ പച്ചക്കറി ഇനങ്ങൾക്ക് വില ഉയരാറുണ്ട്. എന്നാൽ ഇത്തവണ അങ്ങനെയല്ല കാര്യങ്ങൾ. മിക്കതിനും 20, 30 രൂപയുടെ വർദ്ധനയുണ്ടായതായി വ്യാപാരികൾ പറയുന്നു. വിപണിയിൽ ലഭ്യമായ പയറെല്ലാം ശുഷ്‌കിച്ചതും ഗുണമേന്മ കുറഞ്ഞതുമാണ്.

അവർ വിലയിടും,​ വലയുന്നത് ജനം

നിലവിൽ തമിഴ്‌നാട്,​ കർണാടക,​ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പച്ചക്കറികൾ എത്തുന്നത്.

മൊത്തമായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നതോടെ അവർ നിശ്ചയിക്കുന്ന വിലയ്ക്ക് വാങ്ങേണ്ട അവസ്ഥയാണെന്ന് മൊത്തവ്യാപാരികൾ പറയുന്നു. ഇതിൽക്കൂട്ടി ഉപഭോക്താക്കൾക്ക് കൊടുത്താലേ പിടിച്ചുനിൽക്കാനാകൂവെന്നാണ് ഇവരുടെ വാദം. മേയ് മുതൽ തുടർച്ചയായി മൂന്നു മാസം മഴ പെയ്തതോടെ പ്രാദേശിക കർഷകരുടെ പച്ചക്കറി കൃഷി നശിച്ചത് തിരിച്ചടിയായി. ഇത്തവണ മാർക്കറ്റുകളിൽ ഏത്തക്കുല ഒഴിച്ചാൽ നാടൻ വിഭവങ്ങൾ കുറവാണ്.

ആശ്വാസമായി ഓണം വിപണന മേളകൾ

കുടുംബശ്രീകൾ, സഹകരണ സംഘങ്ങൾ, ബാങ്കുകൾ എന്നിവങ്ങനെ പ്രാദേശികമായി നടക്കുന്ന ഓണം വിപണന മേളകളാണ് ഏകആശ്വാസം. ചേന പോലുള്ള വിഭവങ്ങൾ പ്രാദേശികമായി ലഭ്യമാകുന്നുണ്ട്. വില വർദ്ധന മുന്നിൽക്കണ്ട് കാറ്ററിംഗ് സ്ഥാപനങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവ ഇത്തവണ പച്ചക്കറി തമിഴ്‌നാട്ടിൽ നിന്ന് നേരിട്ട് എടുത്തിരുന്നു. പച്ചക്കറി കടകളിൽ നിന്നു 100, 150 രൂപയ്ക്ക് ലഭിക്കുന്ന കിറ്റിനെ ആശ്രയിക്കുന്നവരും നിരവധിയാണ്.

കറിവേപ്പിലയും നിസാരക്കാരനല്ല @ 60

കാരറ്റ് : 90, വെണ്ട, ബീറ്റ്‌റൂട്ട്, തക്കാളി, കാബേജ്, വെള്ളരി, കോളിഫ്ലവർ, കറിവേപ്പില : 60, ബീൻസ്, വഴുതന : 80, പാവയ്ക്ക് : 90, കറിക്കായ, ഏത്തക്കായ : 40, മുരിങ്ങക്ക : 90, കത്രിക്ക : 65, പടവലം 90, മത്തൻ, തടിയൻ : 50, ചേന : 70, നാടൻ ചേമ്പ് : 90.

''പച്ചക്കറി കൃഷി നാട്ടിൽ കുറഞ്ഞതും കാലാസ്ഥ വ്യതിയാനവും വില കൂടാൻ കാരണമാണ്. നിലവിൽ വില കുറഞ്ഞ് നിൽക്കുന്ന പച്ചക്കറികളിൽ പലതിന്റെയും വിലയിൽ വരും ദിവസങ്ങളിൽ മാറ്റമുണ്ടാകാൻ സാദ്ധ്യതയുണ്ട്.

-വ്യാപാരികൾ