മനുഷ്യരിലേക്ക് മാദ്ധ്യമശ്രദ്ധ പതിയണം: പി.വി കുഞ്ഞികൃഷ്ണൻ

Thursday 04 September 2025 2:58 AM IST

തിരുവനന്തപുരം: മനുഷ്യർക്കിടയിൽ സ്നേഹവും സൗഹൃദവും വളർത്തുന്ന കാര്യങ്ങളിലേക്കുകൂടി മാദ്ധ്യമ ശ്രദ്ധ പതിയണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. കേരളീയം വി കെ മാധവൻകുട്ടി പുരസ്‌കാരങ്ങൾ പ്രസ് ക്ലബ്ബിൽ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ പത്രം വായിക്കുമ്പോഴും ചാനലുകൾ കാണുമ്പോഴും അച്ഛനെ മകൻ വെട്ടിക്കൊല്ലുന്നതുംഉറ്റബന്ധുക്കൾ പരസ്പരം കൊല്ലുന്നതുമായ വാർത്തകളാണ്.മനുഷ്യർക്കിടയിലെ നന്മയെ ഉയർത്തിക്കാട്ടണം.വീട് നന്നാക്കിയിട്ട് മതി

നാടു നന്നാക്കുന്നതെന്ന് പറയാറുണ്ട്.വീട്ടിലെ ബന്ധങ്ങൾ ആയാലും സൗഹൃദബന്ധങ്ങളായാലും നിലനിർത്താൻ താൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് . നല്ല സൗഹൃദ ബന്ധങ്ങൾ വേണം.സഹോദര സ്നേഹം വേണം. എന്നോടൊപ്പം സ്കൂളിൽ പഠിച്ച രണ്ട് സുഹൃത്തുക്കൾ ഇപ്പോഴും തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ തന്നെയാണ്.ഒരാൾ തുന്നൽക്കാരനും മറ്റൊരാൾ തെങ്ങുകയറ്റക്കാരനുമാണ്. അവരുടെ ജോലി എനിക്കു ചെയ്യാൻ പറ്റില്ല.അവരുടേത് പ്രത്യേക കഴിവു തന്നെയാണ്. നിയമപഠനത്തിനു ചേർന്നപ്പോൾത്തന്നെ ഹൈക്കോടതി ജഡ്ജി ആകുമെന്ന് പറഞ്ഞത് എന്റെ അച്ഛനാണ്. അച്ഛൻ മരിക്കുന്നതിന് രണ്ടുവർഷം മുൻപ് അതാവാൻ സാധിച്ചു. മാദ്ധ്യമപ്രവർത്തനം സമൂഹത്തെ നന്നാക്കാൻ വേണ്ടി ആയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷം പിടിക്കാത്ത മാദ്ധ്യമപ്രവർത്തനമാണ് വേണ്ടത്. എൺപതുകളിലെ മാദ്ധ്യമപ്രവർത്തനം പക്ഷം പിടിക്കാത്തതായിരുന്നു. എന്നാൽ ഇന്ന് ആ പ്രവണതയിൽ മാറ്റം വന്നു. ചാനലുകൾക്കെല്ലാം ഇന്ന് അവരുടേതായ പക്ഷമുണ്ട് . ‌ കുഞ്ഞികൃഷ്ണൻ പറഞ്ഞു.

കേരളീയം ചെയർമാൻ അബ്ദുൽ വഹാബ് എം പി അദ്ധ്യക്ഷത വഹിച്ചു. ട്വന്റി ഫോർ ന്യൂസ് സീനിയർ റിപ്പോർട്ടർ എം.ജി. പ്രതീഷും മനോരമ ചീഫ് റിപ്പോർട്ടർ എസ്.വി രാജേഷും പുരസ്‌കാരങ്ങൾ സ്വീകരിച്ചു. സണ്ണിക്കുട്ടി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി.മുൻ അംബാസഡർ ടി.പി ശ്രീനിവാസൻ, ജി.രാജമോഹൻ , ലാലു ജോസഫ്,

വിജയൻ തോമസ്,അജയകുമാർ, പി വി മുരുകൻ, എന്നിവർ പങ്കെടുത്തു.