മാലിന്യമുക്തം നവകേരളം: വീഡിയോ പ്രകാശനം ചെയ്തു
തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഗായകൻ എം.ജി. ശ്രീകുമാർ ആലപിച്ച മ്യൂസിക് വീഡിയോയുടെ പ്രകാശനം മാസ്കോട്ട് ഹോട്ടലിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ഓണസദ്യയിൽ പങ്കെടുത്തത് വലിയൊരു അനുഭവമായിരുന്നുവെങ്കിലും, അതിനേക്കാൾ ഹൃദയസ്പർശിയായ സ്വീകരണമാണ് തദ്ദേശ വകുപ്പിന്റേതെന്ന് എം.ജി. ശ്രീകുമാർ പറഞ്ഞു. സർക്കാരിനായി രണ്ട് വീഡിയോകൾ ഒരുക്കുമെന്നും ശ്രീകുമാർ പ്രഖ്യാപിച്ചു.
പരിപാടി മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അനുപമ ടി.വി സ്വാഗതം പറഞ്ഞു. മേയർ ആര്യ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, ക്ലീൻ കേരള കമ്പനി മാനേജിംഗ് ഡയറക്ടർ ജി.കെ. സുരേഷ് കുമാർ, നഗരസഭാ സെക്രട്ടറി എസ്. ജഹാംഗീർ എന്നിവർ പങ്കെടുത്തു.
'എന്റെ മാങ്ങയ്‌ക്ക് പിഴ 25,000"
വീട്ടിലെ മാവിൽ നിന്ന് വീണ മാങ്ങ കളഞ്ഞ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ 25,000 രൂപ പിഴ അടയ്‌ക്കേണ്ടി വന്നെന്ന് എം.ജി. ശ്രീകുമാർ പറഞ്ഞു. അത് തന്റെ വീഴ്ചയായിരുന്നു. പക്ഷേ മാദ്ധ്യമങ്ങളത് കാൽലക്ഷം രൂപയുടെ മാലിന്യ പിഴ എന്ന് വാർത്തയാക്കിയത് ഞെട്ടലുണ്ടാക്കി. വിദേശരാജ്യങ്ങളിൽ ആരും ചായഗ്ലാസ് പോലും വലിച്ചെറിയില്ല. അത്തരത്തിലുള്ള സംസ്‌കാരം കേരളത്തിലും മാതൃകയാക്കണെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.