വീട്ടിലെ വേണ്ടാത്ത ഈ സാധനങ്ങൾ വലിച്ചെറിഞ്ഞ് കളയല്ലേ, കൈയിലെത്തും പണം
കൊല്ലം: വിഷാംശമുള്ള ഘടകങ്ങളടങ്ങിയ ഇ-വേസ്റ്റ് ജില്ലയിലെ പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്ന് ക്ലീൻ കേരള കമ്പനി ശേഖരിക്കാനൊരുങ്ങുന്നു. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ പോലെ ഹരിതകർമ്മ സേന വഴിയാകും ശേഖരണം.
നേരത്തെ ജില്ലയിലെ നഗരസഭാ പ്രദേശങ്ങളിൽ നിന്ന് ഹരിതകർമ്മസേന വഴി ക്ലീൻ കേരള കമ്പനി ഇ-വേസ്റ്റ് ശേഖരിച്ചിരുന്നു. നിലവിൽ ഇ-വേസ്റ്റ് ആക്രിക്കാർക്ക് കൊടുക്കുകയോ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുകയോ ആണ്. ആക്രിക്കാർ ഇ-വേസ്റ്റിൽ നിന്ന് വിലയുള്ള സാധനങ്ങൾ പൊട്ടിച്ചെടുത്ത ശേഷം അപകടകരമായ ഘടകങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുകയാണ്. ചിലയിടങ്ങളിൽ കൂട്ടിയിട്ട് കത്തിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിനും ഇടയാക്കുന്നു. ഈ സാഹചര്യത്തിലാണ് ക്ലീൻ കേരള കമ്പനി ഇ-വേസ്റ്റ് ഏറ്റെടുത്ത് പൂർണമായും സംസ്കരണത്തിന് കൈമാറുന്നത്.
ഉടൻ സാനിട്ടറി വേസ്റ്റ് പ്ലാന്റ് ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര താലൂക്ക് പരിധിയിൽ വൈകാതെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഇ-വേസ്റ്റ് പ്ലാന്റ് സ്ഥാപിക്കും. പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലം സർക്കാർ വിട്ടുനൽകും. പ്ലാന്റ് സ്ഥാപിക്കൽ, പ്രവർത്തിപ്പിക്കൽ, സാനിട്ടറി വേസ്റ്റ് ശേഖരണം എന്നിവ കരാർ ഏജൻസിയുടെ ചുമതലയായിരിക്കും. നിശ്ചിത കാലത്തിന് ശേഷം പ്ലാന്റ് ക്ലീൻ കേരള കമ്പനിക്ക് കൈമാറണമെന്നാണ് വ്യവസ്ഥ. പ്രതിദിനം 20 ടൺ സംസ്കരണ ശേഷിയുള്ള പ്ലാന്റാണ് ലക്ഷ്യമിടുന്നത്.
ഇ- വേസ്റ്റിന് ലഭിക്കുന്ന വില (കിലോയ്ക്ക്)
സി.ആർ.ടി ടെലിവിഷൻ ₹ 6 റെഫ്രിജറേറ്റർ ₹ 16 വാഷിംഗ് മെഷീൻ ₹16
മെക്രോവേവ് ഓവൻ ₹ 16 മിക്സർ ഗ്രൈൻഡർ ₹ 32 സീലിംഗ് ഫാൻ ₹ 41 ടേബിൾ ഫാൻ ₹ 30 ലാപ്പ്ടോപ്പ് ₹ 140 സി.പി.യു ₹ 58 എൽ.സി.ഡി മോണിട്ടർ ₹ 18 പ്രിന്റർ ₹ 23 മോട്ടർ ₹ 46 അയൺ ബോക്സ് ₹ 23 സെൽഫോൺ ₹ 115