യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: മെഡി.ബോർഡ് മൊഴിയെടുത്തു, പുറത്തെടുക്കാൻ വഴിതേടും
തിരുവനന്തപുരം : ജനറൽ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്ന് നെഞ്ചിൽ ഗൈഡ് വയർ യുവതിയുടെ മൊഴിയെടുത്ത് മെഡിക്കൽ ബോർഡ്. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ബോർഡാണ് കാട്ടാക്കട സ്വദേശി സുമയ്യയുടെ(26) അവസ്ഥ വിശദമായി കേട്ടത്. ഗൈഡ് വയർ പുറത്തെടുക്കണമെന്ന യുവതിയുടെ ആവശ്യപ്രകാരം തുടർ ചികിത്സയ്ക്കും ഗൈഡ് വയർ പുറത്തെടുക്കുന്നത് സംബന്ധിച്ച സാദ്ധ്യതകളുമാണ് ബോർഡ് പരിശോധിച്ചത്. വാസ്കുലർ സർജൻമാരുടെ അഭിപ്രായവും കൂടി തേടയ ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം.
തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു തെളിവെടുപ്പ്. കാർഡിയോളജി , ന്യൂറോളജി, അനസ്തീഷ്യ വിഭാഗത്തിൽ നിന്നുള്ള കൂടുതൽ വിദഗ്ദ്ധരെ ഉൾപ്പെടുന്ന സമിതിയാണ് സുമയ്യയുടെ മൊഴി രേഖപ്പെടുത്തിയത്. 2023 മുതലുള്ള ചികിത്സ രേഖകൾ സംഘത്തെ കാണിച്ചതായി സുമയ്യ പറഞ്ഞു. തുടർചികിത്സയെ കുറിച്ചാണ് ചർച്ച ചെയ്തത്. ഗൈഡ് വയർ പുറത്തെടുക്കാൻ കഴിയുമോ എന്ന കാര്യത്തിൽ വീണ്ടും പരിശോധന നടത്തുമെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചതായും മാദ്ധ്യമങ്ങളോട് പറഞ്ഞു.
സുമയ്യയ്ക്ക് ശസ്ത്രക്രിയ നടത്തിയ ജനറൽ ആശുപത്രിയിലെ ഡോ.രാജീവ് കുമാറും ജൂനിയർ ഡോക്ടറും മൊഴി നൽകാൻ എത്തിയിരുന്നു.
2023 മാർച്ചിലാണ് തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു പിന്നാലെ, ശസ്ത്രക്രിയയുടെ ഭാഗമായി ഉപയോഗിച്ച ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയത്. ശ്വാസതടസ്സം ഉൾപ്പെടെ വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതോടെയാണ് പരാതിയുമായി സുമയ്യ രംഗത്തെത്തിയത്. സംഭവത്തിൽ പൊലീസിന് നൽകിയ പരാതി കന്റോൺമെന്റ് പൊലീസ് അന്വേഷിക്കുന്നുണ്ട്.