ഐ.എസ്.എൽ ഡിസംബറിൽ ആരംഭിക്കാൻ സുപ്രീംകോടതി ഇടപെടൽ

Thursday 04 September 2025 4:18 AM IST

ഫുട്ബോൾ കലണ്ടർ പാലിക്കപ്പെടണം

മേൽനോട്ടത്തിന് റിട്ടയേർഡ് ജഡ്‌ജി എൽ. നാഗേശ്വര റാവു

ന്യൂഡൽഹി: അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് 2025-26 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) മത്സരങ്ങൾ ഡിസംബറിൽ തന്നെ ആരംഭിക്കാൻ സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. ഫുട്ബോൾ കലണ്ടർ പാലിക്കപ്പെടണമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ,​ ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. വാണിജ്യ പങ്കാളിയെ കണ്ടെത്താൻ ടെൻഡർ നടപടികളുമായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് മുന്നോട്ടു പോകാം. നിശ്ചയിച്ചിരിക്കുന്ന സമയത്ത് തന്നെ സൂപ്പർ കപ്പ് ഉൾപ്പെടെ മത്സരങ്ങൾ നടത്തുന്നതിന് ആവശ്യമായ നടപടികൾ ഫെഡറേഷൻ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നടപടികളുടെ പുരോഗതി പരിശോധിക്കാനും മേൽനോട്ടം വഹിക്കാനും സുപ്രീംകോടതി റിട്ടയേർഡ് ജഡ്‌ജി എൽ. നാഗേശ്വര റാവുവിനെ നിയോഗിച്ചു.

സമവായ ധാരണ വഴിത്തിരിവായി

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും, വാണിജ്യ പങ്കാളിയായ ഫുട്ബോൾ സ്‌പോർട്സ് ഡെവലപ്പ്മെന്റ് ലിമിറ്റഡും തമ്മിലുള്ള 15 വർഷത്തെ കരാർ ഡിസംബർ 25ന് അവസാനിക്കുകയാണ്. കരാർ പുതുക്കുമോ, പുതിയ പങ്കാളിയെ കണ്ടെത്തുമോ എന്നു തുടങ്ങിയ കാര്യങ്ങളിൽ അനിശ്ചിതത്വമുയർന്നപ്പോൾ സുപ്രീംകോടതി നിർദ്ദേശപ്രകാരം ഇരുഭാഗവും ചർച്ച നടത്തി. ഐ.എസ്.എൽ നടത്തിപ്പിന് കൊമേഴ്സ്യൽ പാർട്ണറെ കണ്ടെത്താൻ ടെൻഡർ വിളിക്കാനും, സൂപ്പർ കപ്പ് മത്സരങ്ങളോടെ സീസൺ ആരംഭിക്കാനും ധാരണയായി. ടെൻഡർ നടപടികൾ ഒക്ടോബർ പകുതിയോടെ പൂർത്തിയാക്കി വാണിജ്യ പങ്കാളിയെ തിരഞ്ഞെടുക്കും. സമവായ ധാരണ സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിൽ നിർദ്ദേശങ്ങളില്ല

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനിൽ തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക നിർദ്ദേശം സുപ്രീംകോടതിയിൽ നിന്നുണ്ടായില്ല. 2025ലെ ദേശീയ കായിക ഭരണ നിയമപ്രകാരം ഫെഡറേഷൻ കരടു ഭരണഘടന തയ്യാറാക്കിയിരുന്നു. എന്നാൽ ആ ഭരണഘടന അംഗീകരിക്കും മുൻപ് വിശദമായി കേൾക്കണമെന്ന് കോടതി പറഞ്ഞു.