തൃശൂർ ലുലു മാൾ വിവാദം; പദ്ധതിക്കെതിരെയുളള പരാതിയിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന് യൂസഫലി

Thursday 04 September 2025 7:40 AM IST

തൃശൂർ: ലുലു മാൾ പദ്ധതിയുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. പദ്ധതി യാഥാർത്ഥ്യമാകാത്തതിൽ വിഷമമുണ്ടെന്നും എവിടെയും നിയമവ്യവസ്ഥയ്ക്ക് അനുസരിച്ച് മാത്രമേ ലുലു ഗ്രൂപ്പ് പ്രവർത്തിക്കുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു.ആർക്കും ആരെയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്നും, പ്രശ്നത്തെ നിയമപരമായി നേരിടുമെന്നും യൂസഫലി വ്യക്തമാക്കി. കുവൈത്തിൽ പുതിയ ലുലു സ്റ്റോർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂരിൽ ലുലു മാൾ പദ്ധതി വൈകാൻ കാരണം ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലാണെന്ന് യൂസഫലി നേരത്തെ പറഞ്ഞിരുന്നു. തൃശൂർ നഗരത്തിൽ ലുലു മാൾ ആരംഭിക്കാൻ ഉദ്ദേശിച്ചിരുന്നു. എന്നാൽ ചിലരുടെ അനാവശ്യ ഇടപെടൽ കാരണം ഇത് വൈകുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. രണ്ടര വർഷം മുൻപ് പ്രവർത്തനം ആരംഭിക്കേണ്ടതായിരുന്നു. രാജ്യത്ത് ബിസിനസ് തുടങ്ങാൻ ഒരുപാട് പ്രതിസന്ധികളെ നേരിടണം. തൃശൂരിൽ ലുലു മാൾ തുടങ്ങിയാൽ 3000 പേർക്കാണ് ജോലി കിട്ടുകയെന്നും അന്ന് യൂസഫലി പ്രതികരിക്കയുണ്ടായി.

സിപിഐ ലോക്കൽ കമ്മിറ്റി അംഗം ടി എൻ മുകുന്ദനാണ് ലുലു മാളിനെതിരെ ഹർജി നൽകിയത്. പരാതി വ്യക്തിപരമാണെന്നും പാർട്ടിക്ക് പങ്കില്ലെന്നും വരന്തരപ്പിള്ളി സ്വദേശിയായ മുകുന്ദൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. താൻ പാർട്ടി അംഗമാണ്. നെൽവയൽ നികത്തുന്നതിനെതിരെയാണ് പരാതി നൽകിയത്. സമ്പന്നനും സാധാരണക്കാരനും ഒരേ നീതി വേണമെന്നാണ് മുകുന്ദൻ പറഞ്ഞത്. ഇന്ത്യൻ പൗരൻ എന്നുള്ള നിലയ്ക്കാണ് വിഷയത്തിൽ ഇടപെട്ടതെന്നും മുകുന്ദൻ വിശദീകരിച്ചു.