'സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തു, ഗർഭഛിദ്രത്തിന് നിർബന്ധിച്ചു'; രാഹുലിനെതിരെ അഞ്ച് പരാതികൾ

Thursday 04 September 2025 10:36 AM IST

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്‌ഐആറിന്റെ വിവരങ്ങൾ പുറത്ത്. ഗർഭഛിദ്രത്തിന് നിർബന്ധിച്ചു, സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്. അഞ്ച് പേരുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

പരാതി നൽകിയ അഞ്ച് പേരും കേസിലെ മൂന്നാം കക്ഷികളാണ്. ഇവർക്ക് കേസിൽ നേരിട്ട് ബന്ധമില്ല. സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടികളെ ശല്യം ചെയ്യുക, ഗർഭഛിദ്രത്തിന് നിർബന്ധിക്കുക, ഫോണിലൂടെ ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് എഫ്‌ഐആറിൽ പറയുന്നു.

അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. പരാതി നൽകിയവരുടെ മൊഴിയെടുക്കൽ അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. പുറത്തുവന്ന ശബ്ദരേഖകളുടെ ആധികാരികത അന്വേഷണ സംഘം പരിശോധിക്കും. ശേഷം ഈ ശബ്ദങ്ങളുടെ ഉടമകളെ കണ്ടെത്തി അവരുടെ മൊഴിയെടുക്കും. ഇവർ നേരിട്ട് പരാതി നൽകിയാൽ മാത്രമേ അന്വേഷണസംഘത്തിന് മുന്നോട്ട് പോകാനാവൂ എന്നാണ് വിലയിരുത്തൽ.

അതേസമയം, ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ട് പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ മണ്ഡലത്തിൽ എത്തുന്ന രാഹുലിന് സുരക്ഷ ഒരുക്കുമെന്ന് കോൺഗ്രസ് ആവർത്തിക്കുകയും ചെയ്യുന്നുണ്ട്.