ഓണമെത്തിയതോടെ 200 എണ്ണത്തിന് വില 2000, ലാഭം കൊയ്യുന്നത് തമിഴ്നാടും കർണാടകയും
കൊല്ലം: തിരുവോണം വിളിപ്പാടകലെ എത്തിയതോടെ പച്ചക്കറിക്കും പൂക്കൾക്കും മാത്രമല്ല വാഴയിലയ്‌ക്കും തൊട്ടാൽ പൊള്ളുന്ന വിലയാണ്. നിലവിൽ ഒരു ഇലയ്ക്ക് എട്ട് മുതൽ പത്ത് രൂപ വരെയാണ് വില. 200 ഇലയടങ്ങിയ ഒരുകെട്ടിന് 2000 രൂപ നൽകണം. നാല് മുതൽ അഞ്ച് രൂപവരെയായിരുന്നു ഒരു മാസം മുമ്പ് വാഴയില വില.
വാഴയിലയ്‌ക്ക് പകരം ഉപയോഗിക്കുന്ന പേപ്പർ ഇല വിലക്കുറവിൽ സുലഭമാണെങ്കിലും ആവശ്യക്കാരില്ലെന്ന് വ്യാപാരികൾ പറയുന്നു. വില കൂടിയാലും ഓണസദ്യയ്ക്ക് വാഴയില തന്നെ വേണമെന്ന നിർബന്ധമാണ് ഡിമാൻഡ് വർദ്ധിപ്പിക്കുന്നത്.
ഓണത്തിന് പുറമെ ചിങ്ങമാസത്തിൽ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾ കൂടുതലായതിനാൽ വാഴയിലയുടെ ഉപയോഗം വളരെ കൂടുതലാണ്.
സാധാരണ വിറ്റുപോകുന്നതിന്റെ രണ്ടിരട്ടി വരെ വാഴയില ചിങ്ങത്തിൽ അധികം വിറ്റുപോകുന്നതായാണ് കണക്ക്. ഓണപരിപാടികൾക്ക് സദ്യ ഓർഡർ ചെയ്യുന്നവർക്കെല്ലാം വാഴയിലയിൽ സദ്യവേണമെന്നത് നിർബന്ധമായതിനാൽ ഹോട്ടലുടമകളും കാറ്ററിംഗ് സർവീസുകാരുമാണ് കൂടുതലായും വാഴയിലയ്ക്കായി സമീപിക്കുന്നത്.
കാലവർഷത്തിൽ വാഴത്തോട്ടങ്ങളിൽ വൻ നാശം നേരിട്ടതോടെ നാടൻ വാഴയില ലഭ്യത തീരെ കുറവാണ്.
തമിഴ്നാട്ടിൽ ഇലക്കൃഷി
തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ് ജില്ലയിലേക്ക് കൂടുതലായും വാഴയില എത്തുന്നത്. പ്രദേശികമായി വളരെ കുറച്ച് അളവിലാണ് ഇല എത്തുന്നത്. ഓണാഘോഷം മുന്നിൽ കണ്ട് ഇലയ്‌ക്ക് വേണ്ടി മാത്രം വാഴക്കൃഷി ചെയ്യുന്ന കർഷകർ തമിഴ്‌നാട്ടിലുണ്ട്. തൂത്തുക്കുടി, തിരുനെൽവേലി, കാവൽകിണർ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും വാഴയില എത്തുന്നത്. 100, 200 ഇലകളുടെ കെട്ടുകളായിട്ടാണ് എത്തുന്നത്.
ഒരു കെട്ടിന് ₹ 1000
വലിയകെട്ടിന് ₹ 2000
ഒരു വാഴയിലയ്‌ക്ക് ₹ 8-10