ഓച്ചിറയിലെ വാഹനാപകടം; ഥാർ ജീപ്പെത്തിയത് അതിവേഗത്തിൽ, ചികിത്സയിലുളള പെൺകുട്ടിയുടെ നില അതീവഗുരുതരം

Thursday 04 September 2025 11:35 AM IST

കൊല്ലം: ഓച്ചിറയിൽ ഇന്ന് പുലർച്ചെ കെഎസ്ആ‌ർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ഥാർ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ നില അതീവഗുരുതരം. ഥാർ ജീപ്പിലുണ്ടായിരുന്ന മൂന്ന് പേർ സംഭവസ്ഥലത്തുവച്ചുത്തന്നെ മരിച്ചിരുന്നു. തേവലക്കര സ്വദേശി പ്രിൻസ് തോമസും (44) കുടുംബവും സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേരാണ് ഇതിലുണ്ടായിരുന്നത്.

പ്രിൻസും മക്കളായ അതുൽ (14), അൽക്ക (അഞ്ച്) എന്നിവരാണ് മരിച്ചത്. പ്രിൻസിന്റെ ഭാര്യ ബിന്ദ്യ സൂസൻ വർഗീസും മറ്റൊരു മകൾ ഐശ്വര്യയും ചികിത്സയിലാണ്. ഐശ്വര്യ അടുത്തുളള സ്വകാര്യആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. ബിന്ദ്യയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പ്രിൻസ് കല്ലേലിഭാഗം കൈരളി ഫൈൻനാൻസ് ഉടമയാണ്. വിന്ദ്യയുടെ സഹോദരന്റെ മകനെ യുകെയിലേക്ക് യാത്രയാക്കാൻ പ്രിൻസും കുടുംബവും നെടുമ്പാശേരി വിമാനത്താവളത്തിൽ പോയശേഷം തേവലക്കരയിലെ വീട്ടിലേക്ക് വരികയായിരുന്നു. അതിനിടയിലാണ് ദേശീയപാതയിൽ അപകടത്തിൽപ്പെട്ടത്.

കെഎസ്ആർടിസി ബസിന്റെ മുൻഭാഗത്തിന്റെ ഒരു വശം പൂർണമായും തകർന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാരിലൊരാൾ റോഡിലേക്ക് തെറിച്ചുവീണിരുന്നു. ഡ്രൈവർ സീറ്റിന്റെ മുൻഭാഗം ഇടിച്ച് അകത്തേക്ക് കയറുകയായിരുന്നു.

ദേശീയപാത നിർമാണം ആരംഭിച്ചശേഷം അപകടങ്ങൾ സ്ഥിരമാണെന്നാണ് നാട്ടുകാരുടെ ആരോപണം. വെളിച്ചക്കുറവ് കാരണം റോഡിലുളള കട്ടിംഗോ ഡിവൈഡറോ കാണാൻ സാധിക്കില്ലെന്നും. വാഹനമോടിക്കാൻ ബുദ്ധിമുട്ടാണെന്നുമാണ് നാട്ടുകാർ പറയുന്നത്. അപകടത്തിന്റെ യഥാർത്ഥ കാരണമെന്താണ് പരിശോധിക്കുകയാണ്. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ജീപ്പ് വേഗത കൂടുതലായിരുന്നുവെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.