ആദ്യം പെൺകുട്ടികൾ മതി, സ്‌കൂളുകളിൽ പുതിയ പരിഷ്‌കരണ നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി

Thursday 04 September 2025 12:21 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് മറ്റൊരു പരിഷ്‌കരണ നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അടുത്ത അദ്ധ്യയന വർഷം മുതൽ ക്ളാസുകളിൽ ഹാജർ എടുക്കുമ്പോൾ ആദ്യം പെൺകുട്ടികളുടെ പേര് വിളിക്കണമെന്ന് മന്ത്രി പറഞ്ഞു. ഒരു മാദ്ധ്യമത്തിന്റെ ഓണപ്പരിപാടിയിൽ പങ്കെടുക്കവേയാണ് മന്ത്രി പുതിയ നിർദേശം വ്യക്തമാക്കിയത്.

സ്കൂളിലെ ക്ലാസ് മുറികളിൽ നിന്ന് പിൻബെഞ്ചുകാർ എന്ന സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് അടുത്തിടെ മന്ത്രി പറഞ്ഞിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാൻ പാടില്ല. എല്ലാ കുട്ടികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം കുറിച്ചിരുന്നു.

വിദ്യാലയങ്ങളുടെ അവധിക്കാലം ജൂൺ, ജൂലായ് മാസങ്ങളിലേക്ക് മാറ്റണമെന്ന് മന്ത്രി പറഞ്ഞതും ഏറെ ചർച്ചയായിരുന്നു. കനത്ത മഴ കാരണം ജൂൺ - ജൂലായിൽ അവധി നൽകേണ്ടി വരുന്നതിലൂടെ പഠന ദിനങ്ങൾ കുറയുന്നു. ഈ സാഹചര്യത്തിലാണ് അവധിമാറ്റത്തെക്കുറിച്ച് ആലോചിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

പണം ഇല്ല എന്ന കാരണത്താൽ സ്‌കൂളിലെ ഒരു കുട്ടിയെപ്പോലും പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുതെന്ന് മന്ത്രി നൽകിയ നിർദ്ദേശവും ഏറെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. സ്‌കൂൾ പഠനയാത്രകൾ, വിനോദയാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്‌കൂളുകളിൽ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നൽകാൻ കഴിയാതെ അവരിൽ മാനസിക പ്രയാസം ഉണ്ടാക്കുന്നു. ആയതിനാൽ പഠനയാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണമെന്നാണ് മന്ത്രി നിർദ്ദേശം നൽകിയത്.