ചതയം നാളിൽ ആർഷ വിബീഷിന് ശ്രീനാരായണ ഗിരിയിൽ മാംഗല്യഭാഗ്യം

Friday 05 September 2025 12:25 AM IST
വിവാഹിതരാകുന്ന ആർഷ വിബീഷും ദീപക് ദിവാകരനും

ആലുവ: തോട്ടുമുഖം ശ്രീനാരായണ ഗിരിയിലെ കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഈ ഓണക്കാലം ഹൃദയം നിറയുന്ന മറ്റൊരു സന്തോഷക്കാലം കൂടിയാണ്. പത്ത് വർഷമായി ഗിരിയുടെ തണലിൽ വളർന്ന ആർഷയുടെ വിവാഹമാണ് ചതയം നാളിൽ. 171 -ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ദിനത്തിൽ ഗിരിയിലെ 71 -ാമത്തെ വിവാഹം നടക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ഓണം,​ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്കൊപ്പം ഇക്കുറി ഗിരിയുടെ തിരുമുറ്റത്ത് കല്യാണമേളവും നടക്കും.

ശ്രീനാരായണഗിരി സേവിക സമാജത്തിലെ അന്തേവാസി ആർഷ വിബീഷിനെ ആലുവ അശോകപുരം വരിക്കൽ വീട്ടിൽ ദിവാകരൻ - കുമാരി ദമ്പതികളുടെ മകൻ ദീപക് ദിവാകരനാണ് ജീവിതസഖിയാക്കുന്നത്. രാവിലെ 10നും 11നും മദ്ധ്യേ ശ്രീനാരായണ ഗുരുദേവൻ തപസിരുന്ന ശിലയ്ക്ക് മുന്നിലാണ് താലികെട്ട്. ലളിതമായ വിവാഹ ചടങ്ങുകളാണെങ്കിലും ഗിരിയിൽ ആഹ്ളാദത്തിന് കുറവൊന്നുമില്ല.

ഇടുക്കി ശാന്തൻപാറ സ്വദേശിനിയായ ആർഷയും ഇളയ സഹോദരി അക്ഷയയും 10 വർഷം മുമ്പാണ് ശ്രീനാരായണഗിരിയിൽ എത്തിയത്. മാതാവിന്റെ മരണത്തെ തുടർന്നാണ് ഡ്രൈവറായ പിതാവ് കുട്ടികളുടെ സംരക്ഷണം ഗിരിയെ ഏൽപ്പിച്ചത്. അന്ന് ആർഷ ഒമ്പതാം ക്ളാസിലും അക്ഷയ നാലാം ക്ളാസിലുമായിരുന്നു. നിലവിൽ ബിരുദവും കമ്പ്യൂട്ടർ കോഴ്സും പൂർത്തിയാക്കിയ ആർഷ തോട്ടുമുഖത്തെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റാണ്. സഹോദരി പ്ളസ് ടു പഠനം പൂർത്തിയാക്കി നഴ്സിംഗിന് തയ്യാറെടുക്കുകയാണ്. അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് വരൻ ദീപക്.

ജസ്റ്റിസ് കെ. സുകുമാരൻ, ശ്രീനാരായണ ഗിരി സേവിക സമാജം പ്രസിഡന്റ് പ്രൊഫ. ഷേർളി പ്രസാദ്, സെക്രട്ടറി അഡ്വ. സീമന്തിനി ശ്രീവത്സൻ ഉൾപ്പെടെയുള്ളവർ വധൂവരന്മാരെ ആശീർവദിക്കാനെത്തും. ഗിരിയുടെ ആരംഭകാലം മുതൽ സഹോദരൻ അയ്യപ്പനും പാർവതി അയ്യപ്പനുമൊപ്പം പ്രവർത്തിച്ചിരുന്ന പ്രൊഫ. എം.കെ. സാനു ഓർമ്മയായ ശേഷം നടക്കുന്ന ആദ്യവിവാഹമാണിത്. ഗിരിയിലെ എല്ലാ വിവാഹചടങ്ങുകളിലും സാനുമാഷ് പങ്കെടുക്കുമായിരുന്നു.