നിയന്ത്രണംവിട്ട കാർ അഞ്ചുവാഹനങ്ങളെ ഇടിച്ചുതകർത്തു, മകളുടെ സ്‌‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വയോധിക മരിച്ചു

Thursday 04 September 2025 3:59 PM IST

കോട്ടയം: നിയന്ത്രണംവിട്ട കാർ അഞ്ചുവാഹനങ്ങളിൽ ഇടിച്ചുതകർത്തതിനെത്തുടർന്നുണ്ടായ അപകടത്തിൽ വയോധിക മരിച്ചു. വൈക്കം പൂത്തോട്ട റോഡിൽ നാനാടം മാർക്കറ്റിന് സമീപം ഇന്നുരാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്. മകളുടെ സ്‌കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന വയോധികയാണ് മരിച്ചത്.

വൈക്കം ആറാട്ടുകുളങ്ങര പാലച്ചുവട് മഠത്തിൽ റിട്ടയേർഡ് ബിഎസ്‌എൻഎൽ ഉദ്യോഗസ്ഥനായ കൃഷ്ണനാചാരിയുടെ ഭാര്യ ചന്ദ്രികാദേവി (72) ആണ് മരിച്ചത്. മകൾ സജിക (50), ബ്ളോക്ക് പഞ്ചായത്തംഗം വൈക്കം അക്കരപ്പാടം ഒടിയിൽ ഒഎം ഉദയപ്പൻ (59) എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. കാലിന് ഗുരുതരമായി പരിക്കേറ്റ സജികയെ ആദ്യം വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

സജികയും അമ്മയും സ്‌കൂട്ടറിൽ വൈക്കത്തുനിന്ന് പൂത്തോട്ട ഭാഗത്തേയ്ക്ക് പോവുകയായിരുന്നു. പൂത്തോട്ട ഭാഗത്തുനിന്ന് മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാർ നിയന്ത്രണംവിട്ട് ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേയ്ക്ക് തെറിച്ചുവീണു. കാർ റോഡിന്റെ വലതുവശത്തേയ്ക്ക് പാഞ്ഞുകയറി പച്ചക്കറി കടയ്ക്ക് സമീപത്തായി പാർക്ക് ചെയ്തിരുന്ന നാല് സ്‌കൂട്ടറുകളിൽ ഇടിച്ചതിനുശേഷം ഓടയിൽ കുടുങ്ങിയാണ് നിന്നത്. വൈക്കം കാളിയമ്മനട സ്വദേശിയുടെ കാറാണ് അപകടമുണ്ടാക്കിയതെന്നാണ് വിവരം.

അപകടത്തിൽ ബ്ളോക്ക് പഞ്ചായത്തംഗത്തിന് വലതുകൈയ്ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ഉദയപ്പൻ ഓടയിൽ വീണിരുന്നു. ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചന്ദ്രികയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.