അയ്യപ്പ സംഗമം രാഷ്ട്രീയ നാടകം: ചെന്നിത്തല
Friday 05 September 2025 1:22 AM IST
തിരുവനന്തപുരം: സർക്കാർ നടത്തുന്ന 'ആഗോള അയ്യപ്പ സംഗമം' തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നാടകമാണെന്ന് രമേശ് ചെന്നിത്തല. ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം തിരുത്തിയാണ് പിണറായി സർക്കാർ യുവതീപ്രവേശനത്തിന് വഴിയൊരുക്കിയത്. ഇതിലൂടെ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുകയും ശബരിമലയെ കലാപ കലുഷിതമാക്കുകയും ചെയ്തു. സ്ത്രീകളെ നിർബന്ധിച്ച് കയറ്റണമെന്ന് വാശിപിടിച്ചത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയിൽ വരുന്ന ഭക്തരെ 'പ്രിവിലേജ്ഡ് ക്ലാസ്സ്' എന്ന് തരംതിരിക്കാനുള്ള നടപടി അംഗീകരിക്കാനാവില്ല. ജാതിമതഭേദമെന്യേ എല്ലാവരും അയ്യപ്പന്റെ സന്നിധിയിൽ ഒരുപോലെയാണ്. സർക്കാരിന്റെ നിലപാടുകൾ തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. ഭക്തജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമം കേരളത്തിലെ ജനങ്ങൾ പൂർണമായി തിരിച്ചറിയും.