ജലവിതരണത്തിനും നിയന്ത്രണത്തിനും ഡിജിറ്റൽ മോണിറ്ററിംഗ് ആദ്യം കൊച്ചിയിൽ
തിരുവനന്തപുരം: ജലവിതരണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിന് ഡിജിറ്റൽ മോണിറ്ററിംഗ് നടപ്പാക്കുന്നു. എ.ഡി.ബി വായ്പാ സഹായത്തോടെ കൊച്ചിയിൽ നടപ്പാക്കുന്ന പദ്ധതിയിൽ കരാർ ഏറ്റെടുത്തിരിക്കുന്ന ഫ്രഞ്ച് ആസ്ഥാനമായുള്ള സൂയസ് ഇന്ത്യ ലിമിറ്റഡിന്റേതാണ് ഈ ഡിജിറ്റൽ സംവിധാനം. സൂപ്പർവൈസറി കൺട്രോൾ ആൻഡ് ഡേറ്റാ അക്വിസിഷൻ (എസ്.സി.എ.ഡി.എ) ഉപയോഗിച്ച് ജലശുദ്ധീകരണ പ്ലാന്റുകളെയും വിതരണ ശൃംഖലകളെയും നിരീക്ഷിക്കുന്നതിനും കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിനുമാണ് പദ്ധതി.
എസ്.സി.എ.ഡി.എ വഴിയുള്ള സിസ്റ്റം മോണിറ്ററിംഗും നിയന്ത്രണവും കൂടാതെ വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾക്കായി ഓട്ടോമേറ്റഡ് മീറ്റർ റീഡിംഗ്, റോപസ് ഡിജിറ്റലൈസേഷൻ എന്നിവയും സൂയസ് കമ്പനി ഏർപ്പെടുത്തും. 2511 കോടിയുടെ എ.ഡി.ബി വായ്പാ സഹായത്തോടെ കൊച്ചിയിലെ ജലവിതരണ സംവിധാനം നവീകരിക്കുന്നതിനും 10 വർഷത്തേക്ക് പരിപാലിക്കുന്നതുമാണ് കരാർ. വാട്ടർ അതോറിട്ടിക്കാണ് മേൽനോട്ടച്ചുമതല.
കൊച്ചി പദ്ധതിക്ക് പിന്നാലെ തിരുവനന്തപുരത്തും ജലവിതരണം നവീകരിക്കാനുള്ള പദ്ധതിയും നടപ്പാക്കാൻ സർക്കാരും വാട്ടർ അതോറിട്ടിയും നടപടികൾ ആരംഭിച്ചിട്ടുണ്ട്. നെയ്യാറിൽ 120 എം.എൽ.ഡി ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ച് നഗരത്തിലേക്കും വിഴിഞ്ഞത്തേക്കും ജലവിതരണ ശൃംഖല സ്ഥാപിക്കാനാണ് പദ്ധതി.
എസ്.സി.എ.ഡി.എ ഡിജിറ്റൽ മോണിറ്ററിംഗ്
ജലശുദ്ധീകരണ പ്ലാന്റുകളെയും വിതരണ ശൃംഖലകളെയും നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തി മുന്നറിയിപ്പുകൾ നൽകുന്നതാണ് സൂപ്പർവൈസറി കൺട്രോൾ ആൻഡ് ഡേറ്റാ അക്വിസിഷൻ ഡിജിറ്റൽ മോണിറ്ററിംഗ് സിസ്റ്റം. കൂടാതെ, പമ്പുകളുടെയും വാൽവുകളുടെയും തകരാറുകൾ,ചോർച്ച,മർദ്ദം കുറയൽ,ജലത്തിന്റെ മോശം നിലവാരം എന്നീ പ്രശ്നങ്ങൾ കണ്ടെത്തുകയും അലർട്ട് നൽകുകയും ചെയ്യാം. ജലവിതരണ സംവിധാനത്തിലെ പതിവ് പ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണികൾ,ചോർച്ച കണ്ടെത്തലും നന്നാക്കലും പരാതി പരിഹരിക്കൽ എന്നിവയാണ് സൂയസിന്റെ ചുമതല. മീറ്റർ റീഡിംഗ്,ബില്ലിംഗ്,വരുമാന ശേഖരണം എന്നിവ വാട്ടർ അതോറിട്ടി തന്നെ നിർവഹിക്കും.
24/7 ജല ലഭ്യത
8 ലക്ഷം ആളുകൾക്ക് മുഴുവൻ സമയവും ജലലഭ്യത, ഗുണനിലവാരം ഉറപ്പാക്കും
1,46,500 സർവീസ് കണക്ഷനുകളും ജലവിതരണ ശൃംഖലകളും മാറ്റിസ്ഥാപിക്കും
നോൺ റിസർവ് വാട്ടറിലൂടെ വരുമാന നഷ്ടം കുറയ്ക്കും
ഉപഭോക്താക്കളുടെ പ്രശ്നങ്ങൾക്ക് മികച്ചതും സാങ്കേതികവുമായ പരിഹാരം