നവീൻ ബാബുവിന്റെ മരണം തുടരന്വേഷണ പ്രതീക്ഷ കൈവിടാതെ കുടുംബം കേസ് ഒന്നാം വർഷത്തിലേക്ക്

Thursday 04 September 2025 6:37 PM IST

കണ്ണൂർ: സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച എ.ഡി.എം നവീൻ ബാബുവിന്റെ മരണം നടന്നിട്ട് അടുത്തമാസം ഒരുവ‌ർഷം തികയും. യാത്രയയപ്പ് യോഗത്തിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയുടെ കൈക്കൂലി ആരോപണ പ്രസംഗത്തിന് പിന്നാലെ ഒക്ടോബർ 15നാണ് നവീൻബാബുവിനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒക്ടോബർ 14നായിരുന്നു യാത്രയയപ്പ് യോഗം. പി.പി.ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ കേസ് കോടതിയുടെ പരിഗണനയിലാണ്.

അതേസമയം,​ പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് സംഭവത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് തലശേരി സെഷൻസ് കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് നവീൻബാബുവിന്റെ കുടുംബം.കഴിഞ്ഞദിവസം മന്ത്രി കെ.രാജൻ നടത്തിയ വെളിപ്പെടുത്തലടക്കം കണക്കിലെടുത്ത് കേസിൽ തുടരന്വേഷണ പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. നവീൻബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തിന് പിന്നാലെ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ വിളിച്ചിരുന്നുവെന്ന കാര്യം കഴിഞ്ഞ ദിവസമാണ് മന്ത്രി വെളിപ്പെടുത്തിയത്. നവീൻബാബു അഴിമതിക്കാരനായ ഉദ്യോഗസ്ഥനല്ലെന്നും വ്യക്തമാക്കി.

നവീൻബാബു അഴിമതിക്കാരനാണെന്ന തരത്തിൽ അദ്ദേഹത്തെ സംശയത്തിന്റെ മുനയിൽ നിറുത്താൻ അന്വേഷണ സംഘം ശ്രമിച്ചുവെന്ന് തുടരന്വേഷണ ഹർജിയിൽ നവീൻബാബുവിന്റെ കുടുംബം ആരോപിക്കുന്നു. അതേസമയം,​ തുടരന്വേഷണ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും അനാവശ്യമായി കേസ് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും പ്രതിഭാഗം വാദിക്കുന്നു.

സമഗ്ര അന്വേഷണം

നടന്നില്ലെന്ന് കുടുംബം 1.കേസിലെ പ്രധാനപ്പെട്ട തെളിവുകളായ ഫോൺ കോൾ രേഖകൾ, ബാങ്ക് വിവരങ്ങൾ, പെട്രോൾ പമ്പിന്റെ യഥാർത്ഥ അപേക്ഷകൻ, സി.സി ടിവി ദൃശ്യങ്ങൾ എന്നിവയുടെ സമഗ്രമായ പരിശോധന നടന്നിട്ടില്ലെന്ന് നവീൻബാബുവിന്റെ കുടുംബം

2.പി.പി.ദിവ്യയും കളക്ടർ അരുൺ കെ. വിജയനും അന്വേഷണസംഘത്തിന് കൈമാറിയ ഫോൺ നമ്പർ കൂടാതെ മറ്റൊരു നമ്പർകൂടി ഉണ്ട്. അതേക്കുറിച്ചുള്ള വിവരങ്ങൾ കുറ്റപത്രത്തിൽ ഇല്ല. പ്രാഥമിക അന്വേഷണത്തിൽ പക്ഷപാതപരമായ നിലപാടുകളും വസ്തുതകൾ മറച്ചുവയ്ക്കലും നടന്നു

പൊതുവേദികളിൽ

സജീവമായി ദിവ്യ

കേസിലെ ഏക പ്രതി പി.പി.ദിവ്യ പൊതുവേദികളിൽ സജീവമായി തുടങ്ങി. പാർട്ടി വേദികളിലും പോഷക സംഘടനാ വേദികളിലുമായി കണ്ണൂരിലും മറ്റു ജില്ലകളിലുമായി പങ്കെടുക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലടക്കം പ്രതികരിച്ച് സമൂഹ മാദ്ധ്യമങ്ങളിലും സജീവമാണ്.