യൂത്ത് കോൺഗ്രസ് നേതാവിന് മൃഗീയ മർദ്ദനം പൊലീസ് തേർവാഴ്ച വച്ചുപൊറുപ്പിക്കില്ല: വി.ഡി. സതീശൻ
കൊച്ചി: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ ക്രൂരമായി മർദ്ദിച്ച പൊലീസുകാരെ പിരിച്ചുവിടുന്നതടക്കം കർശന നടപടി ഉണ്ടായില്ലെങ്കിൽ കോൺഗ്രസ് അസാധാരണ നടപടികളിലേക്ക് പോകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പൊലീസ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. തീവ്രവാദികൾപോലും ചെയ്യാത്ത ക്രൂരതയാണ് കണ്ടത്. നിരപരാധിയായ ചെറുപ്പക്കാരനോട് ക്രൂരത കാട്ടിയ ഉദ്യോഗസ്ഥർ പൊലീസ് സേനയ്ക്ക് അപമാനമാണ്. ഇവരെ സർവീസിൽ വച്ചുപൊറുപ്പിക്കാൻ പാടില്ല.
ദൃശ്യങ്ങൾ വന്നതിനുശേഷം ഡി.ഐ.ജി നടത്തിയ അന്വേഷണവും പ്രതികളെ രക്ഷിക്കാനാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പൊലീസിനെ ഭരിക്കുന്നത്. അവരുടെ വക്താവായി ഡി.ഐ.ജി മാറരുത്. മർദ്ദനത്തിന് നേതൃത്വം നൽകിയ 5 ഉദ്യോഗസ്ഥർ പ്രതിപ്പട്ടികയിൽ പോലുമില്ല. സി.പി.എം ജില്ലാക്കമ്മിറ്റിയും പല മുതിർന്ന നേതാക്കളും അതിനു പിന്നിലുണ്ട്. ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പിയുടെ റിപ്പോർട്ട് പൂഴ്ത്തിയാണ് പ്രതികളെ സംരക്ഷിച്ചത്. വിവരാവകാശ നിയമപ്രകാരം ഈ ദൃശ്യങ്ങൾ കിട്ടിയില്ലായിരുന്നെങ്കിൽ ഇത്രയും വലിയ ക്രൂരത പുറത്തറിയില്ലായിരുന്നുവെന്നും സതീശൻ പറഞ്ഞു.